കണ്ണൂർ :- നബി ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന പരിപാടികളിൽ ഹരിത പ്രോട്ടോകോൾ പാലിക്കാൻ മഹല്ല് ഭാരവാഹികൾ ശ്രദ്ധിക്കണമെന്ന് കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർദേശം നൽകി. ഘോഷയാത്രകളിലും മറ്റും വിദ്യാർഥികൾക്ക് നൽകുന്ന ശീതള പാനീയങ്ങളും പാക്ക് ചെയ്ത ഭക്ഷണ പദാർഥങ്ങളും കൃത്യമായി പരിശോധിച്ച് മാത്രമേ വിതരണം ചെയ്യാൻ പാടുള്ളൂ. വിഭവങ്ങൾ പാക്ക് ചെയ്യുന്നത് പ്ലാസ്റ്റിക് മുക്തമായിരിക്കണം. മാലിന്യങ്ങൾ വലിച്ചെറിയരുത്.
എല്ലാവരും ഒത്തു ചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ പ്ലാസ്റ്റിക് മുക്ത മാലിന്യ മുക്ത കണ്ണൂർ എന്ന ലക്ഷ്യത്തിൽ എത്താൻ സാധിക്കുകയുള്ളുവെന്നും മേയർ പറഞ്ഞു. ഹരിത പ്രൊട്ടോകോൾ സംബന്ധിച്ച് വിളിച്ചു ചേർത്ത മഹല്ല് ഭാരവാഹികളുടെ യോഗത്തിൽ സ്‌ഥിരസമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിര സമിതി അധ്യ ക്ഷൻ എം.പി രാജേഷ് ഹരിത പ്രോട്ടോകോൾ സംബന്ധിച്ച് വിശദീകരിച്ചു. സൈനുദ്ദീൻ മൗവഞ്ചേരി, മുഹമ്മദ് കുഞ്ഞി കുറുവ, അക്ബർ ഉരുവച്ചാൽ, ഷറഫുദ്ദീൻ ആനയിടുക്ക്, അയ്യൂബ് പള്ളിപ്പൊയിൽ എന്നിവർ പ്രസംഗിച്ചു.