കണ്ണൂർ :- മങ്കി മലേറിയ രോഗം ബാധിച്ച് കുരങ്ങുകളുടെ മരണം റിപ്പോർട്ട് ചെയ്ത ആറളത്ത് ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള സംഘം പരിശോധന നടത്തി. ജില്ലാ സർവയലൻസ് ഓഫീസർ ഡോ. കെ.സി സച്ചിൻ്റെ നേതൃത്വത്തിലാണ് സംഘം എത്തിയത്. ആറളം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും വൈൽഡ് ലൈഫ്അസിസ്റ്റൻ്റ് വാർഡനുമായ രമ്യ രാഘവനിൽനിന്ന് സംഘം വിവരം ശേഖരിച്ചു.
ചീങ്കണ്ണിപ്പുഴയുടെ തീരങ്ങളിലും ജീവനക്കാരുടെ താമസസ്ഥലങ്ങളിലെ വെള്ളക്കെട്ടുകളിലും കൊതുക് കൂത്താടികളെ കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തി. ആറളം വന്യജീവിസങ്കേതത്തിൻ്റെ ഭരണകാര്യ കെട്ടിടത്തിന് അടുത്ത് കഴിഞ്ഞ ആഴ്ചയാണ് നാല് കുരങ്ങൻമാരുടെ ജഡം കാണപ്പെട്ടത്. വയനാട് കുപ്പാടിയിലെ വനം വകുപ്പിൻ്റെ ലാബിൽ നടന്ന പരിശോധനയിലാണ് മങ്കി മലേറിയ സ്ഥിരീകരിച്ചത്.
സംഘത്തിൽ കീഴ്പ്പള്ളി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. പ്രിയ സദാനന്ദൻ, ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺ ട്രോൾ ഓഫീസർ ഡോ. കെ.കെ ഷിനി, ബയോളജിസ്റ്റ് സി.പി രമേശൻ, ടെക്നിക്കൽ അസിസ്റ്റന്റ് അബ്ദുൽ ജലീൽ, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ടി.സുധീഷ്, കീഴ്പ്‌പള്ളി ബ്ലോക്ക് ഹെൽത്ത് ഇൻസ്പെക്ടർ സോമസുന്ദരം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കണ്ണൻ എന്നിവരും ഉണ്ടായിരുന്നു.