ഇനി അതിജീവനത്തിന്റെ പുതുപാഠം ; നാളെ മുണ്ടക്കൈ, വെള്ളാർമല സ്കൂളുകൾ തുറക്കും


വയനാട് :- അതിജീവനത്തിന്റെ പുതുപാഠവുമായി മുണ്ടക്കൈ, വെള്ളാർമല സ്കൂളുകൾ പ്രവേശനോത്സവത്തിന് ഒരുങ്ങി. ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ ഗവ. എൽ.പിയും വെള്ളാർമല ജിവിഎച്ച്എസ്എസും തിങ്കൾ മുതൽ മേപ്പാടി മേപ്പാടിയിൽ പ്രവർത്തിക്കും. രാവിലെ 10ന് പ്രവേശനോത്സവം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. 12 ക്ലാസ് മുറികൾ, രണ്ട് ഐടി ലാബ്, ഓഫീസ്, സ്റ്റ‌ാഫ് റൂമുകൾ എന്നിവയാണ് വെള്ളാർമലയ്ക്കായി മേപ്പാടി ഹയർസെക്കൻഡറിയോട് ചേർന്ന് തയ്യാറാക്കിയത്.

മുണ്ടക്കൈ സ്കൂ‌ളിനായി എ പി ജെ ഹാൾ അഞ്ച് ക്ലാസ് മുറികളായി തിരിച്ചു. ഓഫീസ് മുറിയുമുണ്ട്. ഉച്ചഭക്ഷണം, പാഠപുസ്തകം, യൂണിഫോം, ഫർണിച്ചർ, ശുചിമുറികൾ തുടങ്ങിയവയും ഉറപ്പാക്കി. രാവിലെയും വൈകിട്ടും ചുരൽമലയിൽ നിന്ന് മേപ്പാടിയിലേക്ക് കെഎസ്ആർടിസി 'സ്‌റ്റുഡൻസ് ഓൺലി' സൗജന്യ സർവീസ് നടത്തും. സ്വകാര്യ ബസുകളിലും സൗജന്യ യാത്രാ പാസ് അനുവദിക്കും. എൽ.പി വിദ്യാർഥികൾക്കായി ഓട്ടോ, ജീപ്പ് സൗകര്യവും ഏർപ്പെടുത്തി.

പ്രവേശനോത്സവത്തിൽ മന്ത്രിമാരായ ഒ.ആർ കേളു, കെ രാജൻ, എ.കെ ശശീന്ദ്രൻ, പി.എ മുഹമ്മദ് റിയാസ്, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് എന്നിവരും പങ്കെടുക്കും.

Previous Post Next Post