ആലക്കോട് :- പൈതൽമലയിൽ കാഴ്ചക്കാരുടെ കണ്ണിന് കുളിർമയേകി കണ്ണാന്തളിപ്പൂക്കൾ വിരിഞ്ഞുതുടങ്ങി. കൂട്ടിന് കാറ്റിൽ ആടിയുല ഞ്ഞ് ചിറ്റേലപ്പൂക്കളുമുണ്ട്. ഇനി വെയിൽ കടുക്കുംവരെ മലയിൽ പൂക്കാലമാണ്. വർഷത്തിലും പൂക്കുന്ന കുറിഞ്ഞികൾ, ഓർക്കിഡുകൾ, കാശിത്തുമ്പകൾ എന്നിവയും പൈതൽമലയിലെ പ്രത്യേകതയാണ്. ഈ വർഷം നല്ല മഴ ലഭിച്ചതിനാൽ പുൽമേടുകൾ സമൃദ്ധമാണ്.
പൊട്ടൻപ്ലാവ് വഴി പൈതലിൽ എത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി വനത്തിനു നടുവിൽ പുതിയ രണ്ട് ജീവനക്കാരെക്കൂടി നിയോഗിച്ചു. അടുത്തകാലം വരെ ഒരു ഇക്കോടൂറിസം വാച്ചർ മാത്രമാണുണ്ടായിരുന്നത്. രാവിലെ ഒൻപതിന് മലമുകളിൽ എത്തുന്ന ജീവനക്കാരൻ അന്നത്തെ അവസാനത്തെ സഞ്ചാരി മടങ്ങുന്നതോടെ തിരിച്ചിറങ്ങുകയാണ് ചെയ്യുന്നത്. അതിനിടയിൽ ടിക്കറ്റ് കൗണ്ടറിനും പുൽമേടിനും ഇടയിൽ ആനയോ വന്യജീവികളോ ഇറങ്ങിയാൽ അറിയാൻ മാർഗമില്ല. ആലക്കോട്ഭാഗത്തുനിന്ന് മഞ്ഞപ്പുല്ല് വഴി പൈതൽമലയിലേക്കുള്ള സഞ്ചാരം ഇപ്പോൾ എളുപ്പമായി. ജൂണിൽ പുതുതായി നിർമിച്ച നടപ്പാത തുറന്നുകൊടുത്തു. ജോൺ ബ്രിട്ടാസ് എം.പിയുടെ ആസ്തിവികസനഫണ്ട് ഉപയോഗിച്ചാണ് നടപ്പാത നിർമിച്ചത്. ഇതുവഴി വരുന്നവർ മലയുടെ പടിഞ്ഞാറ് ഭാഗത്താണ് എത്തിച്ചേരുക. രാവിലെ ഒൻപത് മുതൽ മൂന്ന് വരെയാണ് സഞ്ചാരികൾക്ക് പ്രവേശനം.