ഷിരൂർ: - അർജുൻ വീട്ടിലേക്ക് യാത്രയായി,രണ്ടര മാസത്തിനു ശേഷം അർജുൻ വീട്ടിലേക്ക് മടങ്ങിയെത്തുകയാണ്, കാത്തുകാത്തിരുന്ന് കണ്ണീർവറ്റിയ കുടുംബാംഗങ്ങൾക്കരികിലേക്ക്. കോഴിക്കോട് കണ്ണാടിക്കലിലെ വീട് അതിനായി ഒരുങ്ങുകയാണ്. വീട്ടിൽ നിന്നും ട്രക്കുമായി പതിവായി ദൂരസ്ഥലങ്ങിലേക്ക് യാത്ര പോയിരുന്ന യുവാവിൻ്റെ അവസാന മടക്ക യാത്രയാണിത്. ആംബുലൻസിലേക്ക് കയറ്റിയ മൃതദേഹം നാട്ടിലേക്ക് പുറപ്പെട്ടു.
ആംബുലൻസിനെ കർണാടക പൊലീസ് അനുഗമിക്കും. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും കാർവാർ എംഎൽഎ സതീഷ് സെയ്‌ലും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വരും. വഴിമധ്യേ ദുരന്ത സ്ഥലത്ത് ഒരു നിമിഷം നിന്ന് അർജുൻ്റെ ആ്മശാന്തിക്കായി പ്രാർത്ഥിക്കുമെന്നും സതീഷ് സെയ്ൽ പറഞ്ഞു. നാളെ രാവിലെ ആറ് മണിയോടെ അർജുൻ്റെ മൃതദേഹം കോഴിക്കോട് എത്തിക്കും.
നാളെ രാവിലെ വീട്ടിലെത്തുന്ന മൃതദേഹം ഒരു മണിക്കൂർ നേരത്തെ പൊതുദർശനത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.
ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത അർജുൻ്റെ മൃതദേഹം ഡി.എൻ.എ. പരിശോധനാ നടപടികൾക്ക് ശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറി.ശനിയാഴ്ച രാവിലെ എട്ട് മണിയോടെ മൃതദേഹം കണ്ണാടിക്കൽ ബസാറിൽ എത്തിച്ചേരും. അവിടെനിന്ന് വിലാപയാത്രയായി മൃതദേഹം അർജുന്റെ വീട്ടിലെത്തിക്കും. പൂളാടിക്കുന്നിൽനിന്ന് ലോറി ഡ്രൈവർമാർ ആംബുലൻസിനെ അനുഗമിക്കും. വീട്ടിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് വെക്കും. തുടർന്ന് വീട്ടു വളപ്പിൽ മൃതദേഹം സംസ്‌കരിക്കും.
അർജുന്റെ കുടുംബത്തിന് കർണാടക സർക്കാർ സഹായധനമായി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. കാർവാർ എം.എൽ.എ. സതീഷ് കൃഷ്ണ സെയിൽ അർജുന്റെ അമ്മയ്ക്ക് സഹായധനം കൈമാറും.