ന്യൂഡൽഹി :- ഇ.പി ജയരാജനെ കൊലപ്പെടുത്താൻ ശ്രമിച്ചകേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ കേരളം നൽകിയ ഹർജി തള്ളി. ജസ്റ്റിസുമാരായ വിക്രംനാഥ്, പി.ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. രാഷ്ട്രീയകേസ് മാത്രമാണ് ഇതെന്നും അതിൽ കൂടുതലായി മറ്റൊന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത് മുപ്പത് വർഷം മുൻപ് നടന്ന സംഭവമാണെന്നും രാഷ്ട്രീയപരമായ കേസുകളോട് കോടതിക്ക് അനുകൂല സമീപനമില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
കുറ്റവിമുക്തനാക്കപ്പെട്ടത് ഉന്നത രാഷ്ട്രീയനേതാവാണെന്ന് സർക്കാർ അഭിഭാഷകർ ചൂണ്ടിക്കാട്ടിയപ്പോൾ, ഇപ്പോൾ കേരളം ഭരിക്കുന്നത് ആരാണ് എന്നായിരുന്നു സുപ്രീംകോടതി ചോദിച്ചത്. വധശ്രമക്കേസിലെ ഗൂഢാലോചന നടന്നത് തിരുവനന്തപുരത്ത് വെച്ചാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ എസ്. നാഗമുത്തുവും സ്റ്റാൻഡിങ് കോൺസൽ ഹർഷദ് വി ഹമീദും ചൂണ്ടിക്കാട്ടി. ഇതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. അതിനാൽ വധശ്രമക്കേസ് ആന്ധ്രയിലെ കോടതി കേട്ടുവെങ്കിലും, വധശ്രമക്കേസിലെ ഗൂഢാലോചന പരിഗണിക്കേണ്ടത് കേരളത്തിലെ കോടതി ആണെന്ന് അഭിഭാഷകർ വാദിച്ചു.