തലശ്ശേരി :- റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത് തട്ടിപ്പ് സംഘത്തിലെ പ്രധാനികളെ. പുനലൂരിലെ ശരത് എസ്.ശിവൻ (34), തിരുവനന്തപുരം മലയിൻകീഴിലെ കെ.എൽ ഗീതാറാണി (65)എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും നിലവിൽ 15 കേസുകളിൽ പ്രതികളാണ്. പ്രതികൾ കൈക്കലാക്കിയ പണം ഉപയോഗിച്ചത് സംബന്ധിച്ചും കൂടുതൽ പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോയെന്നും ഇനി അന്വേഷിക്കും. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരവും മറ്റ് ആസ്തി സംബന്ധിച്ചും തെളിവ് ശേഖരി ക്കും. പരാതിക്കാരൻ ചെന്നൈ എസ്.ബി.ഐ അക്കൗണ്ടിൽ നിന്ന് 10 ലക്ഷം രൂപ പിൻവലിച്ചാണ്പ്രതികൾക്ക് നൽകിയത്. ഇത് സംബന്ധിച്ചുൾപ്പെടെ അന്വേഷണം തുടരും. കേസിൽ അറസ്റ്റിലായി റിമാൻഡിലായ ഒന്നാംപ്രതി ചൊക്ലിയിലെ ശശിക്കെതിരെയുള്ള ആറ് കേസുകളിൽ ജാമ്യാപേക്ഷയിൽ ജില്ലാകോടതി വ്യാഴാഴ്ച വാദംകേട്ടു. ശശിയുൾപ്പെടെ മൂന്ന് പ്രതികളെ ഒന്നിച്ച് ചോദ്യം ചെയ്യേണ്ടതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്കുമാർ വാദിച്ചു.
ആറ് കേസുകളിൽ മാത്രം 91.2 ലക്ഷം രൂപയാണ് ശശി ഉൾപ്പെട്ട സംഘം തട്ടിപ്പ് നടത്തിയത്. ശശിയുടെ ജാമ്യാപേക്ഷയിൽ ജില്ലാ ജഡ്ജി കെ.ടി നിസാർ അഹമ്മദ് വെള്ളിയാഴ്ച വിധി പറയും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ള പ്രതികളെ കണ്ണൂരിലുള്ള ഉദ്യോഗാർഥികളുമായി ബന്ധപ്പെടുത്തിയത് ശശിയാണ്. ശശി പണം വാങ്ങി ശരത്തിന് കൈമാറുകയായിരുന്നു. ഡിവിഷണൽ റെയിൽവേ മാനേജർ എന്നാണ് ശരത്തിനെ പരിചയപ്പെടുത്തിയത്. പണം നൽകിയ ഉടൻതന്നെ വ്യാജ നിയമന ഉത്തരവും നൽകി. പണം വാങ്ങിയതിന്റെ ചെന്നൈ ആർ.ആർ.ബി യുടെ പേരിലുള്ള വ്യാജ റസീറ്റും നൽകി. മെഡിക്കൽ പരിശോധനയുടെ പേരിലാണ് നിയമനം നീട്ടിക്കൊണ്ടുപോകുന്നത്.