ഷൊർണൂർ :- യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവേ ഏർപ്പെടുത്തിയ ഷൊർണൂർ - കണ്ണൂർ പ്രത്യേക തീവണ്ടി തുടർന്നേക്കും. ഒക്ടോബർ 31 വരെയായിരുന്നു റെയിൽവേ അനുവദിച്ചിരുന്ന സമയം. സർവീസ് തുടരണമെന്ന് റെയിൽവേ പാലക്കാട് ഡിവിഷൻ ഓപ്പറേഷൻസ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകീട്ട് 3.40 നാണ് തീവണ്ടി ഷൊർണൂരിൽ നിന്നും പുറപ്പെട്ടിരുന്നത്. ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 8.10-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 11-ന് ഷൊർണൂരെത്തുന്ന വിധമായിരുന്നു ക്രമീകരണം. ഈ പാതയിലൂടെയുള്ള പ്രധാന എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് തീവണ്ടികളിലെ തിരക്ക് കുറയ്ക്കുകയായിരുന്നു ലക്ഷ്യം. തിരൂരിനും കണ്ണൂരിനും ഇടയിലുള്ള യാത്രക്കാർക്കാണ് തീവണ്ടി ഏറെ ഗുണം ചെയ്തിരുന്നത്.