മാഹി :- മാഹി സെന്റ് തെരേസാസ് ബസിലിക്കയിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാളിന് ഒക്ടോബർ 5ന് രാവിലെ 11.30ന് കൊടിയേറും. അമ്മ ത്രേസ്യയുടെ തിരുസ്വരൂപം ഉച്ചയ്ക്ക് 12ന് വികാരി പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കും. തിരുനാൾ 22ന് സമാപിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി കോഴിക്കോട് രൂപതാ വികാരി ജനറൽ മോൺ. ജെൻസൻ പുത്തൻ വീട്ടിൽ അറിയിച്ചു.
ഒക്ടോബർ 14, 15 തീയതികളിലാണ് പ്രധാന തിരുനാൾ. തിരുനാൾ ദിനങ്ങളിൽ രാവിലെയും വൈകിട്ടും വിവിധ റീത്തുകളിൽ കുർബാനയും നൊവേനയും ഉണ്ടാകും. ഒക്ടോബർ 12ന് 3ന് കൊങ്കണി, 13ന് ഇംഗ്ലീഷ് കുർബാന ഉണ്ടാകും. 14ന് തിരുനാൾ ജാഗരദിനത്തിൽ വൈകിട്ട് 6ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആന്റണി വാലുങ്കലിന്റെ കാർമികത്വത്തിൽ കുർബാന. തുടർന്ന് നഗര പ്രദക്ഷിണം.
15ന് പുലർച്ചെ ഒന്നുമുതൽ രാവിലെ 6 വരെ ശയനപ്രദക്ഷിണം. രാവിലെ 10.30ന് കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന. ഉച്ചകഴിഞ്ഞ് 3ന് മേരിമാതാ കമ്യൂണിറ്റി ഹാളിൽ സ്നേഹസംഗമം.22ന് സമാപന ദിവസം രാവിലെ 10.30ന് കണ്ണൂർ രൂപത വികാരി ജനറൽ മോൺ. ക്ലാരൻസ് പാലിയത്തിന്റെ കാർമികത്വത്തിൽ കുർബാന. എല്ലാ ദിവസവും നൊവേനയും പ്രദക്ഷിണവും ഉണ്ടാകും. 22ന് ഉച്ചയ്ക്ക് തിരുസ്വരൂപം അൾത്താരയിലേക്ക് മാറ്റുന്നതോടെ തിരുനാൾ സമാപിക്കും. പാർക്കിങ്ങിന് കോളജ് ഗ്രൗണ്ടിൽ സൗകര്യമുണ്ടാകും.