കാസർഗോഡ് :- ഗതാഗത തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ 5 ദിവസം കഴിഞ്ഞും വിട്ടുകിട്ടാത്തതിൽ മനംനൊന്ത് സമൂഹ മാധ്യമത്തിൽ വിഡിയോ പോസ്‌റ്റ് ചെയ്ത ശേഷം ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുത്ത മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവിയോട് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശിച്ചു. കാസർഗോഡ് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
മംഗളുരു പാണ്ഡേശ്വരയിലെ അബ്ദുൽ സത്താറാണ് (60) കാസർഗോഡ് റെയിൽവേ സ്‌റ്റേഷനടുത്തുള്ള ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയത്. നെല്ലിക്കുന്ന് ബീച്ച് റോഡ് ജംക്ഷനിൽ ഗതാഗത തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ചാണ് കഴിഞ്ഞ വ്യാഴാഴ്‌ച ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തത്. വായ്‌പ എടുത്താണ് ഓട്ടോ വാങ്ങിയതെന്നും വിട്ടുകിട്ടിയില്ലെങ്കിൽ ഉപജീവനം മുടങ്ങുമെന്നും പറഞ്ഞെങ്കിലും വിട്ടുകൊടുത്തില്ല. പിന്നീട് ഡിവൈഎസ്‌പി ഇടപെട്ടിട്ടും ഓട്ടോ വിട്ടുകൊടുത്തില്ലെന്നു പറയുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ കേസെടുത്തത്.
കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ട് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ ഉത്തരവിറക്കി. ഡിവൈഎസ്‌പി ടി.ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. ആരോപണവിധേയരായ കാ സർകോട് എസ്ഐ പി.അനൂപ്, ഹോം ഗാർഡ് വൈ.കൃഷ്ണ എന്നിവരിൽനിന്നു മൊഴിയെടുത്ത പൊലീസ്, ജില്ലാ പൊലീസ് മേധാവിക്കു പ്രാഥമിക റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ എസ്ഐ അനൂപിനെ ചന്തേരയിലേക്ക് സ്‌ഥലം മാറ്റിയിരുന്നു.