കണ്ണൂർ :- അജ്ഞാനത്തിൻ്റെ തിമിരം നീക്കി ജ്ഞാനത്തിൻ്റെ യാത്രയിൽ ദേവീപ്രീതി കൈവരാൻ ഭക്തർ ഇന്ന് പാഠപുസ്‌തകങ്ങൾ പൂജയ്ക്ക് വയ്ക്കുന്ന ദിനം. സാധാരണഗതിയിൽ ദുർഗാഷ്ടമിയിലാണ് ഈ ചടങ്ങെങ്കിലും ഇത്തവണ ദുർഗാഷ്ടമി സന്ധ്യയിൽ അഷ്ടമീസ്‌പർശം ഇല്ലാത്തതിനാലാണ് ഇന്ന് പൂജ വയ്ക്കുന്നത്. സന്ധ്യക്ക് അഷ്ടമിതിഥി വരുന്ന ദിവസം പൂജവയ്ക്കണം എന്നാണ് വിധി.
അശ്വിന മാസത്തിലെ വെളുത്ത പക്ഷത്തിലെ പ്രഥമ മുതലാണ് ശരദ് നവരാത്രി ആഘോഷിക്കുന്നത്. കേരളത്തിൽ ഈ ആഘോഷത്തിലെ പ്രധാന ചടങ്ങാണ് പൂജവെപ്പ്. കുട്ടികൾ തങ്ങളുടെ പഠനോപകരണങ്ങൾ ദേവിക്കുമുന്നിൽ സമർപ്പിച്ചു പൂജിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ഓരോ മനുഷ്യനും ജീവിതകാലം മുഴുവൻ ഒരു പഠിതാവും കൂടി ആയതു കൊണ്ട് മുതിർന്നവരും ഇതിൽ പങ്കാളികളാകുന്നു. അവർക്ക് ഗ്രന്ഥങ്ങൾ ദേവീസമക്ഷം പൂജ വെക്കാവുന്നതാണ്.വിദ്യാർത്ഥികൾ പഠനോപകരണങ്ങളും തൊഴിലാളികൾ ജോലിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും സൈനികർ ആയുധങ്ങളും സാഹിത്യകാരന്മാർ തൂലികയും പൂജ വയ്ക്കും. വിജയദശമി ദിനമായ ഞായറാഴ്‌ച രാവിലെയാണ് വിദ്യാരംഭവും പൂജയെടുപ്പും.
കേരളത്തിൽ ഇത്തവണ ഒക്ടോബർ 10 വ്യാഴാഴ്ച സന്ധ്യക്ക് ഗ്രന്ഥം വെക്കണം.സപ്തമി തിഥി വ്യാഴം ഉച്ചക്ക് 12. 28ന് അവസാനിക്കുന്നതും അഷ്ടമി തുടങ്ങുകയും, വെള്ളിയാഴ്ച ഉച്ചക്ക് 12.08 ന് അഷ്ടമി അവസാനിക്കുകയും ചെയ്യുന്നത് കൊണ്ടാണ് വ്യാഴാഴ്ച പൂജക്ക് വയ്ക്കേണ്ടത്.വെള്ളിയും, ശനിയും കഴിഞ്ഞ് ഞായറാഴ്ച രാവിലെ ഗ്രന്ഥം എടുക്കണം.
കൊല്ലൂരിൽ പുഷ്പരഥോത്സവം മഹാനവമിനാളായ ഒക്ടോബർ 11-ന് രാത്രി നടക്കും. 12-ന് വിജയദശമിനാളിൽ വിദ്യാരംഭം. നാളുകളുടെ ദൈർഘ്യത്തിൽ (നാഴിക) വന്ന മാറ്റപ്രകാരം മലയാള കലണ്ടർ പ്രകാരം 12-നാണ് മഹാനവമി. എന്നാൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ 11- നാണ് മഹാനവമി ആഘോഷിക്കുന്നതെന്നും അന്ന് രാത്രി 9.30-ന് ഋഷ ഭലഗ്നത്തിൽ പുഷ്പരഥോത്സവം നടക്കുമെന്നും നിലവിലെ തന്ത്രി നിത്യാ നന്ദ അഡിഗ പറഞ്ഞു. 12-ന് വിജയദശമി ദിനത്തിൽ പുലർച്ചെ മൂന്നു മുതൽ വിദ്യാരംഭം തുടങ്ങും.
കൊല്ലൂരിൽ മഹാനവമി ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഈ ഒൻപത് ദിവസങ്ങളിലും ദേവിയെ ഒൻപത് ഭാവങ്ങളിൽ വിവിധ പൂജകൾ നടക്കും. നവമിയാഘോഷത്തിൻ്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറും. നാളുകളുടെ നാഴികയിൽ വന്ന മാറ്റപ്രകാരം കലണ്ടർ നോക്കി ഒട്ടേറെ ഭക്തർ മുറികൾക്കും മറ്റു പൂ ജകൾക്കുമായി ഒക്ടോബർ 12, 13 ദിവസങ്ങളാണ് മുൻകൂറായി ബുക്ക് ചെയ്യാൻ ശ്രമിക്കുന്നത്. എന്നാൽ കൊല്ലൂർ മൂകാംബികക്ഷേത്രത്തിൽ ഇത്തവണ ഒക്ടോബർ 11-നാണ് നവമിയാഘോഷം. 12-നാണ് വിജയദശമി.