ചേലേരി: ടർഫ് സ്ട്രൈക്കേഴ്സിൻ്റെ ആഭിമുഖ്യത്തിൽ ചേലോറ സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ ബിഗ് ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ഇലവൻ സ്റ്റാർ കയ്യങ്കോട് ചാമ്പ്യന്മാരായി. 4 ടീമുകൾ മാറ്റുരച്ച ഗ്രൂപ്പ് റൗണ്ടിൽ ഗ്രൂപ്പ് ചാമ്പ്യൻമാരായി നേരിട്ട് ഫൈനലിന് യോഗ്യത നേടിയ ഇലവൻ സ്റ്റാറും ആദ്യ രണ്ട് കളികൾ പരാജയപ്പെട്ട് പുറത്താകലിൻ്റെ വക്കിൽ നിന്നും കരകയറി വന്ന പവർ സ്ട്രൈക്കേഴ്സുമാണ് ഫൈനലിൽ മാറ്റുരച്ചത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പവറിന് നിശ്ചിത 4 ഓവറിൽ 27 റൺസെടുക്കാനെ സാധിച്ചുള്ളൂ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇലവൻ സ്റ്റാർ രണ്ട് ഓവർ ബാക്കി നിൽക്കെ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി. മികച്ച ബാറ്റ്സ്മാനായി സാദിഖിനെയും ബൗളറായി മൊയ്തീനെയും ടൂർണമെൻ്റിൻ്റെ താരമായി അരുണിനെയും തിരഞ്ഞെടുത്തു.