ജോലി തേടുന്നവരെ ലക്ഷ്യമിട്ടുള്ള സൈബർ തട്ടിപ്പ് സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്


തിരുവനന്തപുരം :- സൈബർ തട്ടിപ്പുസംഘം യുവതീയുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വയ്ക്കുകയാണെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. സാമൂഹമാധ്യമങ്ങളിൽ പാർട്ട് ടൈം / ഓൺലൈൻ ജോലികൾ തിരയുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സൈബർ തട്ടിപ്പുസംഘങ്ങളുടെ വലയിൽ, അകപ്പെടുന്നതായും പൊലീസ് പറയുന്നു. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകുന്നതാണ് തട്ടിപ്പുസംഘത്തിന്റെ രീതി. അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോൾ കമ്മിഷൻ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാർ ആവശ്യപ്പെടുന്ന അക്കൗണ്ടിൽ അയച്ചു നൽകുകയെന്ന താണ് ജോലി. 

ഉയർന്ന കമ്മിഷനാണ് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ വാടക അക്കൗണ്ട് ആയി ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവില്ലാത്ത യുവതീയുവാക്കൾ തങ്ങൾ അറിയാതെ തന്നെ തട്ടിപ്പു സംഘത്തിലെ അംഗമായി മാറുന്നു. നമ്മുടെ അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരായ ആരെയും അനുവദിക്കരുതെന്നും ഇത്തരം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പ് ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ വിവരം 1930 ൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

Previous Post Next Post