കൊല്ലൂർ :- കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കമായി. ഒക്ടോബർ 11 വരെയാണ് മഹോത്സവം. പതിവ് പൂജകൾക്കു പുറമേ മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തിൽ പ്രത്യേക പൂജകളും നടക്കും. ഒൻപത് ദേവീഭാവങ്ങളിൽ വ്യത്യസ്തങ്ങളായ പൂജകളാണ് നടക്കുക. മഹാനവമി ദിനമായ 11ന് ചണ്ഡികായാഗം നടക്കും.
രാത്രി 9.30ന് പുഷ്പരഥോത്സവം. റിഷഭലഖ്നത്തിൽ പുഷ്പത്താൽ അലങ്കരിച്ച രഥത്തിൽ കൊല്ലൂരമ്മയെ കയറ്റി മൂന്നുതവണ ശ്രീകോവിൽ ചുറ്റുന്ന ചടങ്ങ് കാണാനായി ആയിരങ്ങളെത്തും. വിജയദശമി ദിനമായ ഒക്ടോബർ 12ന് പുലർച്ചെ 4 മുതൽ വിദ്യാരംഭ ചടങ്ങുകൾ നടക്കും. കേരളത്തിൽ ഒക്ടോബർ 12ന് മഹാനവമിയും ഒക്ടോബർ 13ന് വിദ്യാരംഭവുമാണ്.