പരാതി ലഭിച്ചിട്ടും ദിവ്യക്കെതിരേ കേസെടുക്കാതെ പോലീസ്; പ്രശാന്തനെതിരേ വകുപ്പതല അന്വേഷണം


കണ്ണൂർ:- 
നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ പരാതി ലഭിച്ചിട്ടും പി.പി ദിവ്യക്കെതിരേ കേസെടുക്കാതെ പോലീസ്. നവീൻ ബാബുവിന്റെ സഹോദരൻ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് കണ്ണൂർ ടൗൺ പോലീസ് പറയുന്നത്. ദിവ്യയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. അതേമസയം പരാതിക്കാരനായ പ്രശാന്തനെതിരേ വകുപ്പ് തല അന്വേഷണത്തിനും നീക്കമുണ്ട്.

പരാതി നൽകി ഒരു ദിവസത്തിന് ശേഷമാണ് പി.പി ദിവ്യയുടെ മൊഴിയെടുക്കാൻ പോലീസ് ഒരുങ്ങുന്നത്. നവീൻ ബാബുവിന്റെ സുഹൃത്തുക്കളുടെ മൊഴി കൂടെ രേഖപ്പെടുത്തിയേക്കും. ദിവ്യയുടെ വാക്കുകളിലൂടെയുണ്ടായ മാനസിക വിഷമത്തെ കുറിച്ച് അദ്ദേഹം സുഹൃത്തുക്കളോട് എന്തെങ്കിലും പങ്കുവെച്ചിരുന്നോ എന്നതാവും പോലീസ് പരിശോധിക്കുക.

പരാതിക്കാരനായ പ്രശാന്തിനെതിരേ വകുപ്പ് തല അന്വേഷണം ഉടൻ ആരംഭിക്കും. പരിയാരം മെഡിക്കൽ കോളേജിൽ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനാണ് പ്രശാന്തൻ. സർക്കാർ ജീവനക്കാരന് ഇത്തരത്തിലൊരു സ്വകാര്യ സംരംഭം ആരംഭിക്കുന്നത് ചട്ട വിരുദ്ധമാണ്. ഏതെങ്കിലും തരത്തിലുള്ള ബിനാമി ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന കാര്യവും അതിസൂക്ഷ്മമായി പരിശോധിക്കും.

അടുത്ത ദിവസം ചേരുന്ന സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ പി.പി ദിവ്യക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടി പ്രഖ്യാപിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം.

Previous Post Next Post