സിനിമാ ഷൂട്ടിങ്ങിനുള്ള സ്‌ഥലമല്ല ക്ഷേത്രങ്ങളെന്ന് ഹൈക്കോടതി


കൊച്ചി :- സിനിമാ ഷൂട്ടിങ്ങിനുള്ള സ്‌ഥലമല്ല ക്ഷേത്രങ്ങളെന്നും ഭക്ത‌ർക്ക് ആരാധനയ്ക്കുള്ളതാണെന്നും ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ സിനിമ ഷൂട്ടിങ് അനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവെയായിരുന്നു ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. തൃപ്പൂണിത്തുറ സ്വദേശികളായ ദിലീപ് മേനോൻ, ഗംഗ വിജയൻ എന്നിവർ നൽകിയ ഹർജിയാണു ജസ്റ്റ‌ിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഹർജിയിൽ സർക്കാരിന്റെയും  ദേവസ്വത്തിന്റെയും വിശദീകരണം തേടി. 

ക്ഷേത്രവുമായി ബന്ധമില്ലാത്ത സിനിമകളും വിഡിയോകളും ചിത്രീകരിക്കാൻ അനുവദിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. ഈയിടെ, തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ 'വിശേഷം' എന്ന സിനിമയുടെ ഷൂട്ടിങ് നടന്നിരുന്നു. പവിത്രമായ പൂജകൾക്കും ആചാരങ്ങൾക്കും വില കൽപിക്കാതെ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയിലാണു ഷൂട്ടിങ് നടന്നതെന്നും ഹർജിയിൽ അറിയിച്ചു. ഹർജിക്കാർക്കായി അഡ്വ.ടി.സഞ്ജയ് ഹാജരായി.

Previous Post Next Post