ഇരിട്ടി :- ജില്ലയിൽ എലിപ്പനി പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ഊർജിതമാക്കി. നിലവിൽ 140 എലിപ്പനി കേസുകളും 67 എലിപ്പനി ലക്ഷണമുള്ള കേസുകളുമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മൃഗ പരിപാലകർ, ചികിത്സകർ, കൃഷിക്കാർ, കർഷക തൊഴിലാളികൾ, മാലിന്യ സംസ്കരണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരും ശുചിത്വമില്ലാത്ത സാഹചര്യത്തിൽ ജോലി ചെയ്യുന്നവരും രോഗ പ്രതിരോധ കാര്യത്തിലും പ്രതിരോധ മരുന്നു കഴിക്കുന്ന കാര്യത്തിലും ജാഗ്രത പുലർത്തണമെന്ന് മെഡിക്കൽ ഓഫീസർ മുന്നറിയിപ്പ് നൽകി.
ലക്ഷണങ്ങൾ
പെട്ടന്നുള്ള പനി, തലവേദന, നടുവേദന, ഛർദി. കണ്ണു ചുവപ്പ്, വെയിലിൽ നോക്കാനുള്ള ബുദ്ധിമുട്ട്. ശക്തിയായ ശരീര വേദന, ക്ഷീണം, മൂത്രത്തിന്റെ അളവ് കുറയുക, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ, തോലിപ്പുറത്തും വായ, മൂക്ക് എന്നിവയിൽക്കൂടിയുള്ള രക്തസ്രാവം എന്നിവയാണ് രോഗ ലക്ഷണങ്ങൾ.
മുൻകരുതലുകൾ
എലിപ്പനി വ്യാപനം തടയാൻ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. വീടും പരിസരവും പൊതുസ്ഥലങ്ങളും ശുചിയായി സൂക്ഷിക്കുക, മലിന ജലവുമായുള്ള സമ്പർക്കം ഒഴിവാക്കുക, എലി നശീകരണ നടപടികൾ സ്വീകരിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു ക്ലോറിനേഷൻ നടത്തിയ വെള്ളം മാത്രം ഉപയോഗിക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തിലൊ, ചതുപ്പു പ്രദേശത്തൊ ജോലി ചെയ്യുന്നതിനു മുൻപ് മുൻകരുതൽ മരുന്നു കഴിക്കുകയും കയ്യുറകളും കാൽ ഉറകളും ധരിക്കുകയും ചെയ്യുക രോഗലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ സമീപിക്കുക.