നെടുമ്പാശ്ശേരി :- വിദേശത്തുനിന്ന് ഓമന മൃഗങ്ങളെ കൊച്ചി വിമാനത്താവളം വഴി കൊണ്ടുവരാൻ അടിസ്ഥാന സൗകര്യങ്ങളായി. മൃഗങ്ങളെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ ക്വാറൻ്റീൻ കേന്ദ്രവും സിയാൽ കാർഗോ ടെർമിനലിൽ സജ്ജമാക്കി. സാംപിൾ ശേഖരണ കേന്ദ്രവും ഫ്രീസർ അടക്കമുള്ള സംവിധാനങ്ങളുമുണ്ട്. മുമ്പ് യാത്രക്കാരൻതന്നെ പ്രത്യേക അനുമതിവാങ്ങി നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ മൃഗങ്ങളെ കൊണ്ടുവരാൻ പറ്റുമായിരുന്നുള്ളൂ. കൊണ്ടുവരുന്നതും കുറവായിരുന്നു. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയായാൽ നവംബർ മുതൽ വളർത്തുമൃഗങ്ങളെ വിദേശത്തുനിന്നു എളുപ്പം കൊണ്ടുവരാം.
നായ, പൂച്ച എന്നിവയെ കൊണ്ടുവരാനാണ് ഇപ്പോൾ അനുമതി. നിലവിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ മാത്രമേ അനുമതിയുള്ളൂ. ജൂലായ് മുതൽ കൊച്ചി യിൽനിന്ന് ഓമനമൃഗങ്ങളെ വിദേശത്തേ ക്ക് കൊണ്ടുപോകുന്നുണ്ട്. അനിമൽ ക്വാറൻ്റീൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസ് സെന്ററിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർവഹിച്ചു. അനിമൽ ഹസ്ബൻ ഡ്രി ആൻഡ് ഡെയറിയിങ് ഡിപ്പാർട്ട്മെന്റ് അഡീഷണൽ സെക്രട്ടറി വർഷ ജോഷിയും സിയാൽ എം.ഡി.എസ് സുഹാസും കരാർ ഒപ്പുവെച്ചു.