മട്ടന്നൂർ :- സർവീസ് തുടങ്ങുന്നതിന് മുൻപ് അൽഹിന്ദ് എയർ നടത്തുന്ന റൂട്ട് സർവേയിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളവും ഉൾപ്പെട്ടു. ഏതൊക്കെ വിമാനത്താവളങ്ങളിൽ നിന്ന് ഏതൊക്കെ റൂട്ടുകളിൽ സർവീസ് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട് എന്ന് ആളുകളിൽ നിന്ന് നേരിട്ട് അഭിപ്രായം തേടാൻ എയലൈൻ നടത്തുന്ന പ്രാഥമികസർവേയിലാണ് കണ്ണൂർ വിമാനത്താവളവും ഉൾപ്പെട്ടത്. കണ്ണൂരിൽ നിന്ന് ബെംഗളൂരു റൂട്ടാണ് സർവേയിൽ ഉള്ളത്.
കണ്ണുരിൽ നിന്ന് ഏറ്റവും കൂടുതൽ പാസഞ്ചർ ട്രാഫിക് ഉള്ള ആഭ്യന്തര റുട്ടാണ് ബെംഗളുരു സെക്ടർ. മുൻപ് ഇൻഡിഗോ പ്രതിദിനം 3 സർവീസും ഗോ ഫസ്‌റ്റ് പ്രതിദിന സർവീസും എയർ ഇന്ത്യ എക്സ്പ്രസും പ്രതിദിന സർവീസ് നടത്തിയിരുന്നു. സർവേയിൽ നിശ്ചിത വോട്ട് ലഭിച്ചാൽ അൽഹിന്ദ് എയർ തുടക്കത്തിൽ കണ്ണൂരിൽ നിന്ന് സർവീസ് നടത്തിയേക്കും. ഇന്ത്യൻ കമ്പനികളുടെ കൂടുതൽ സർവീസ് കണ്ണൂരിൽ അനുവദിക്കണമെന്ന് കിയാലും മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാന വകുപ്പുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു.