കണ്ണൂർ :- കെടെറ്റ് പരീക്ഷയിൽ വിജയിച്ച വിദ്യാർഥിനി പരിശോധനയ്ക്ക് ഹാജരാക്കിയ ബിഎഡ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പട്ടന്നൂർ സ്വദേശിനിക്കെതിരെയാണു ടൗൺ പോലീസ് കേസെടുത്തത്. 2019 നവംബറിൽ നടത്തിയ കെടെറ്റ് കാറ്റഗറി 2 പരീക്ഷയിൽ ജയിച്ച വിദ്യാർഥികളുടെ അസ്സൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയിലാണ് ബിഎഡ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.
ബിഹാറിലെ പട്നയിലെ മഗധ സർവകലാശാലയിൽനിന്നു ബിഎഡ് നേടിയതിന്റെ സർട്ടിഫിക്കറ്റാണു വിദ്യാർഥിനി ഹാജരാക്കിയത്. ഇതു സർവകലാശാലയ്ക്ക് അയച്ചു നൽകിയപ്പോഴാണു വ്യാജമാണെന്നു സ്ഥിരീകരിച്ചതെന്നു വിദ്യാഭ്യാസ ഓഫിസറുടെ പരാതിയിൽ പറയുന്നു. മഗധ സർവകലാശാലയുടെ എംബ്ലവും സീലും വ്യാജമായി സർട്ടിഫിക്കറ്റിൽ പതിപ്പിച്ചെന്നാണ് കരുതുന്നത്.