തളിപ്പറമ്പ് :- മാതാവിന്റെ ഒക്കത്തിരുന്ന ഒരുവയസ്സുകാരിയുടെ കഴുത്തിലെ സ്വർണമാല രണ്ട് സ്ത്രീകൾ ചേർന്ന് പൊട്ടിച്ചെടുത്തു. തളിപ്പറമ്പ് സഹകരണ ആസ്പത്രിക്ക് മുൻവശത്ത് സംസ്ഥാനപാതയോരത്തെ ഇംഗ്ലീഷ് മരുന്നുകടയിൽനിന്ന് മരുന്ന് വാങ്ങുന്നതിനിടയിലാണ് സംഭവം. സമീപത്തെ ക്യാമറയിൽ പതിഞ്ഞ ദ്യശ്യങ്ങളിൽ കവർച്ചക്കാരായ സ്ത്രീകളുടെ ദ്യശ്യം വ്യക്തമായിട്ടുണ്ട്. ഉച്ചയ്ക്ക് 12.40-നായിരുന്നു സംഭവം.
സെയ്‌ദ് നഗറിലെ ഫായിദയുടെ മകളുടെ കഴുത്തിലെ മാലയാണ് സ്ത്രീകൾ പൊട്ടിച്ചെടുത്തത്. ആസ്പത്രിയിൽ പരിശോധനയെത്തിയതായിരുന്നു ഇവർ. ഫായിദ മരുന്ന് വാങ്ങുന്നതിൽ ശ്രദ്ധിക്കുന്നതിനിടെ റോഡിൻ്റെ എതിർദിശയിൽ നിന്നെത്തിയാണ് മാല പൊട്ടിച്ചെടുത്തത്. മരുന്ന് വാങ്ങാനെന്ന വ്യാജേന കുട്ടിയുടെ സമീപത്ത് നിലയുറപ്പിച്ച് മറ്റുള്ളവർ ശ്രദ്ധിക്കാതിരിക്കും വിധമാണ് മാല പൊട്ടിച്ചത്. പ്രതികളെ കണ്ടെത്തിയില്ല. കുട്ടിയുടെ പിതാവ് ഉസാമ മൂസയുടെ പരാതിയിൽ പോലീസ് കേസെടുത്തു.