തിരുവനന്തപുരം :- അർബുദചികിത്സയിൽ തിരുവനന്തപുരം ആർ.സി.സി, മലബാർ കാൻസർ സെന്റർ എന്നിവിടങ്ങളിൽ ആരംഭിച്ച റോബോട്ടിക് സർജറി എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കും. ആദ്യ ഘട്ടമെന്നനിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് തുടക്കമിടുക. സർജിക്കൽ റോബോട്ട് സ്ഥാപിക്കുന്നതിന് ബജറ്റ് വിഹിതമായി 30 കോടിയോളം രൂപ അനുവദിക്കും. തുടർ വർഷങ്ങളിൽ മറ്റു മെഡിക്കൽ കോളേജുകളിലും സൗകര്യമൊരുക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം. ഈ വർഷം ആദ്യമാണ് ആർ.സി.സി യിൽ റോബോട്ടിക് സർജറി തുടങ്ങിയത്.
സർജിക്കൽ റോബോട്ടിന്റെ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയയാണു റോബോട്ടിക് സർജറി. കംപ്യൂട്ടർ നിയന്ത്രിത റോബോട്ടിക് കൈകൾ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയ്ക്ക് കൂടുതൽ കൃത്യതയുണ്ട്. ത്രിമാനദൃശ്യങ്ങൾ നിരീക്ഷിച്ച് ശസ്ത്രക്രിയാവിദഗ്ധനാണ് റോബോട്ടിക് കൈകൾ നിയന്ത്രിക്കുന്നത്. ആഴമേറിയതും ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളിലെ ശസ്ത്രക്രിയ കൂടുതൽ വിജയകരമായി ചെയ്യാനാകും. രോഗി ആശുപത്രിയിൽ കഴിയേണ്ടസമയം കുറയ്ക്കാനും കഴിയും.