കൽപ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയുടെ സ്വത്തുവിവരങ്ങൾ പുറത്ത്. നാമനിർദേശപത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ആസ്തിയെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. ബാങ്ക് നിക്ഷേപവും സ്വർണവുമായി പ്രിയങ്ക ഗാന്ധിക്ക് 4.24 കോടിയുടെ ആസ്തിയുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് 37 കോടിയുടെ ആസ്തിയുണ്ട്.
രണ്ടിടങ്ങളായി നാലേക്കറോളം ഭൂമിയുണ്ട് പ്രിയങ്കയ്ക്ക്. എന്നാൽ, ഇവ രണ്ട് കൃഷിസ്ഥലമാണ്. കൃഷിസ്ഥലമല്ലാത്ത ഭൂമി കൈവശമില്ലെന്നാണ് സത്യവാങ്‌മൂലത്തിൽ. ഹിമാചൽ പ്രദേശിലെ ഷിംലയിൽ 5.63 കോടി രൂപ വിലമതിക്കുന്ന വീടുണ്ട്. ഭൂമിയും വീടുമടക്കം 7.74 കോടി രൂപയുടെ ആസ്തിയുണ്ട്. പ്രിയങ്കയ്ക്ക് 15,75,000 രൂപയുടെ ബാധ്യതയുണ്ട്. ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് 10 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ബുധനാഴ്ച ഉച്ചയ്ക്കാണ് പ്രിയങ്കാ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്. അമ്മ സോണിയ ഗാന്ധി, സഹോദരൻ രാഹുൽ ഗാന്ധി, ഭർത്താവ് റോബർട്ട് വാദ്ര, മകൻ റെയ്ഹാൻ വാദ്ര, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സംഘടനാ ചുമതലയുള്ളജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ തുടങ്ങിയവർ പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു.