രണ്ടാഴ്ച മുൻപ് പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിൽ അപകടത്തിൽപെട്ട ടാങ്കർ ലോറി റോഡരികിൽ നിന്ന് മാറ്റാത്തത് അപകടക്കെണിയാകുന്നു


പാപ്പിനിശ്ശേരി :- റെയിൽവേ മേൽപാലത്തിൽ രണ്ടാഴ്ച മുൻപ് അപകടത്തിൽപെട്ട് തകർന്ന പാചകവാതക ടാങ്കർ ലോറി ഇപ്പോഴും റോഡരികിൽ. കാൽനടയാത്രക്കാർക്ക് പോകാൻ വഴിയില്ലാതെ തടസ്സമായി കിടക്കുന്നതിനാൽ അപകടസാധ്യതയുമേറി. കാൽനടയാത്രക്കാർ കെഎസ്ടിപി റോഡിലേക്ക് കയറി അപകടകരമായി നടന്നുപോകേണ്ട സ്‌ഥിതിയാണ്. ഹാജിറോഡിനും മേൽപാലത്തിനും ഇടയിൽ ഏറെ തിരക്കേറിയ സ്ഥലം കൂടിയാണിത്. മേൽപാലത്തിൽ നിന്ന് ഇറങ്ങിവരുന്ന വാഹനങ്ങൾവേഗം കൂട്ടി വരുന്നതിനാൽ കാൽനടയാത്രക്കാർക്ക് പെട്ടെന്നു മാറി നിൽക്കാൻ പോലും ഇടമില്ല. 

കഴിഞ്ഞ മാസം 29ന് പുലർച്ചെ മേൽപാലത്തിലെ കുഴിയിൽ വീണു നിയന്ത്രണം വിട്ട ചരക്കുലോറിയാണു മംഗളൂരു ഭാഗത്തേക്ക് പോകുന്ന പാചകവാതക ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചത്. ക്രെയിൻ ഉപയോഗിച്ചു പാലത്തിൽ നിന്നു നീക്കിയ ലോറി ഹാജിറോഡിലെ വീതികുറഞ്ഞ സ്‌ഥലത്തേക്ക് മാറ്റുകയായിരുന്നു. വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന നിലയിൽ റോഡിലേക്ക് കയറിയ നിലയിലാണുള്ളത്. കൂടുതൽ അപകടങ്ങൾക്ക് ഇടയാക്കുന്നതിനു മുൻപ് ലോറി ഇവിടെ നിന്നും നീക്കം ചെയ്യണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Previous Post Next Post