തിരുവനന്തപുരം :- എല്ലാ മൂല്യങ്ങൾക്കും ഉള്ള മുദ്രപ്പത്രങ്ങൾ ഇന്നു മുതൽ റജിസ്ട്രേഷൻ വകുപ്പിൽ ഇ സ്റ്റാംപിങ്ങിലൂടെ ലഭിക്കും. സ്റ്റോക്കുള്ള കടലാസ് മുദ്രപ്പത്രങ്ങൾ അടുത്ത മാർച്ച് വരെ ഉപയോഗിക്കാം. അച്ചടി ഒഴിവാകുന്നതിലൂടെ പ്രതിവർഷം 60 കോടിയിൽപരം രൂപ സർക്കാരിന് ലാഭമുണ്ടാകും. റെജിസ്ട്രേഷൻ വകുപ്പിൽ ഒരു ലക്ഷത്തിന് മുകളിലുള്ള മുദ്രപ്പത്രങ്ങൾ നേരത്തെ തന്നെ ഇ- സ്‌റ്റാംപിലൂടെ ലഭ്യമാക്കിയിരുന്നു.
വെണ്ടർമാരുടെ വരുമാനം നിലനിർത്തിയാണ് സേവനം നൽകുന്നതെന്ന്, പദ്ധതി ഉദ്ഘാടനം നിർവഹിച്ച മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. റജിസ്ട്രേഷൻ മേഖലയിൽ ഇ സ്റ്റാംപിങ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണു കേരളമെന്നും മന്ത്രി അറിയിച്ചു. റജിസ്ട്രേഷൻ, റവന്യു, സർവേ വകുപ്പുകളുടെ പോർട്ടലുകൾ സംയോജിപ്പിച്ച് 'എൻ്റെ ഭൂമി'യിലേക്ക് മാറുന്നതോടെ റജിസ്ട്രേഷൻ നടപടികൾ സുഗമവും സുതാര്യവുമാകുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. റജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ തന്നെ പോക്കുവരവ് കൂടി നടത്തി ഭൂമിയുടെ സർവേ സ്കെച്ച് സഹിതം അന്നു തന്നെ രേഖകളാക്കി നൽകുന്ന സംവിധാനമാണ് ലക്ഷ്യം.