മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയിൽ നിന്ന് മോഷണം പോയ സ്‌കൂട്ടർ കണ്ടെത്തി. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയാണ് സ്കൂട്ടറുമായി കടന്നുകളഞ്ഞതെന്നാണ് എയർ പോർട്ട് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. മൂന്നുപെരിയയിലുള്ള വിദ്യാർഥിയുടെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് സ്കൂട്ടർ കണ്ടെത്തിയത്.
എയർപോർട്ട് പോസ്‌റ്റ് ഓഫീസിലെ ജീവനക്കാരി കാരപേരാവൂരിലെ പി.നൈഷയുടെ സ്കൂട്ടറാണ് തിങ്കളാഴ്ച ഉച്ചയോടെ മോഷ്ടിച്ചത്. സ്കൂട്ടറുമായി പോകുന്നയാളുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. മറ്റൊരാളുടെ ബൈക്കിൽ വിദ്യാർഥി വിമാനത്താവളത്തിലേക്ക് വരുന്ന ദൃശ്യവും ലഭിച്ചിരുന്നു. തുടർന്ന് എയർപോർട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്കൂട്ടർ കണ്ടെത്തിയത്. സ്കൂട്ടർ ഉടമയുടെ പരാതി അനുസരിച്ച് കേസിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.