തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ കുട്ടികളുടെ ഹരിതസഭ നവംബര്‍ 14 ന്


കണ്ണൂർ :- മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷത്തോടെ നവംബര്‍ 14 ന് തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായാണ് ഹരിത സഭകള്‍ സംഘടിപ്പിക്കുന്നത്. കുട്ടികള്‍ ഉന്നയിച്ച നൂതന ആശയങ്ങള്‍ മാലിന്യ മുക്ത നവകേരളം സൃഷ്ടിക്കുന്നതിന് പ്രയോജനകരമായി മാറി എന്ന കണ്ടത്തലിന്റെ ഭാഗമായാണ് ഈ വര്‍ഷവും ഹരിത സഭ സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഒരു ഹരിത സഭയില്‍ 150 മുതല്‍ 200 കുട്ടികളാണ് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ എല്ലാ സ്‌കൂളുകളില്‍ നിന്നുമായി പങ്കെടുക്കേണ്ടത്. ഹരിത സഭയ്ക്ക് നേതൃത്വം നല്കാന്‍ സ്‌കൂളുകളിലെ ശുചിത്വ- മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള അധ്യാപകരെയും പങ്കെടുപ്പിക്കണം.

വിദ്യാലയങ്ങളില്‍ നിന്നും ഹരിത സഭയിലേക്ക് തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ തദ്ദേശ സ്വയംഭരണ പ്രദേശത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവസ്ഥ വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കി സഭയില്‍ അവതരിപ്പിക്കണം. സ്‌കൂളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍, മാലിന്യം കത്തിക്കുന്നത്, വലിച്ചെറിയുന്നത്, നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗം, നിലവിലുള്ള വെല്ലുവിളികള്‍, ദ്രവ മാലിന്യ സംസ്‌കരണ രംഗത്തെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഹരിത സഭയില്‍ ചര്‍ച്ച ചെയ്യും. കുട്ടികള്‍ കണ്ടെത്തിയതും ശേഖരിച്ചതുമായ നിര്‍ദ്ദേശങ്ങള്‍ ഹരിതസഭയില്‍ രേഖപ്പെടുത്തും. ഇവ പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം വീട്ടിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മാലിന്യ സംസ്‌കരണത്തിലെ വിടവ് കണ്ടെത്തി അക്കാര്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിക്കാനും ഹരിത സഭയെ ഉപയോഗിക്കാം. കണ്ണൂര്‍ ജില്ലയില്‍ 82 ഹരിത സഭകള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഹരിത കേരളം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

Previous Post Next Post