കണ്ണൂർ :- സി.ബി.ഐ ചമഞ്ഞ് കണ്ണൂർ സ്വദേശിയുടെ 1.65 കോടി തട്ടിയ കേസിൽ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ. മുഹമ്മദ് മുട്ഷർ ഖാനെ (30) യാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. വാട്‌സാപ്പ് വഴി പരിചയപ്പെട്ട തട്ടിപ്പ് സംഘം കണ്ണൂർ സ്വദേശിയായ സ്ത്രീയിൽ വിവിധ ഘട്ടങ്ങളിലായി 1,65,83,200 രൂപ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പരാതി. ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് സി.ബി.ഐ സംഘമെന്ന് പരിചയപ്പെടുത്തിയയാൾ ബന്ധപ്പെട്ടത്.
മനുഷ്യക്കടത്തിനും കള്ളപ്പണമിടപാടിനും കേസുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും പരാതിക്കാരിയെ വെർച്വൽ അറസ്റ്റു ചെയ്തുവെന്നും അറിയിച്ചു. കേസിൽനിന്ന് ഒഴിവാക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് വിവിധ ഘട്ടങ്ങളിലായി പണം നൽകിയതെന്ന് പരാതിയിൽ പറയുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. കണ്ണൂർ സിറ്റി സൈബർ പോലീസ് ഗുജറാത്തിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.