പയ്യന്നൂർ: -ഏഴ് വർഷത്തിന് ശേഷം പയ്യന്നൂരിൽ വിരുന്നെത്തുന്ന കൗമാര കലകളുടെ പെരുങ്കളിയാട്ടമായ കണ്ണൂർ റവന്യൂ ജില്ല സ്‌കൂൾ കലോത്സവത്തിനായി വിപുലമായ ഒരുക്കങ്ങൾ. നവംബർ 19ന് രാവിലെ മത്സരങ്ങൾ ആരംഭിക്കും. വൈകീട്ട് 4ന് ഗവ. ബോയ്സ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘാടക സമിതി ചെയർമാൻ ടി.ഐ.മധുസൂദനൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വി.ശിവദാസൻ എം.പി, എം.വിജിൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി എന്നിവർ മുഖ്യാതിഥികളും സിനി ആർട്ടിസ്റ്റ് ഉണ്ണിരാജ വിശിഷ്ടാതിഥിയും ആയിരിക്കും.
23ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം നിയമസഭാ സ്പീക്കർ അഡ്വ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും . എം.പിമാരായ കെ.സുധാകരൻ, രാജ് മോഹൻ ഉണ്ണിത്താൻ, എം.എൽ.എമാരായ കെ.കെ.ശൈലജ, സജീവ് ജോസഫ് എന്നിവർ മുഖ്യാതിഥികളും ചലച്ചിത്ര താരം പി.പി.കുഞ്ഞികൃഷ്ണൻ, ചലച്ചിത്ര ജ്യൂറി പുരസ്‌കാര ജേതാവ് കെ.സി.കൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളുമായിരിക്കും.നഗരസഭാ ചെയർപേഴ്സൺ കെ.വി.ലളിത പുരസ്‌കാര വിതരണം നിർവ്വഹിക്കും.
റവന്യൂ ജില്ലയിലെ 15 ഉപജില്ലകളിൽ നിന്നായി 10695 കുട്ടികളാണ് തങ്ങളുടെ സർഗശേഷിയുടെ മാറ്റ് ഉരക്കുവാനായി എത്തിച്ചേരുന്നത്.
പയ്യന്നൂർ ഗവ. ബോയ്സ്, ഗേൾസ്, സെന്റ് മേരീസ്, ബി.ഇ.എം.എൽ.പി. സ്‌കൂളുകൾ, ഗാന്ധി പാർക്ക്, ടൗൺ സ്‌ക്വയർ തുടങ്ങിയ സ്ഥലങ്ങളിലെ 17 വേദികളിലായി 319 ഇനങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറുക. രചനാ മത്സരങ്ങൾ ഒന്നാം ദിവസം തന്നെ സമാപിക്കും. യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 249 ജനറൽ ഇനങ്ങളാണ് ഉണ്ടാവുക. സംസ്‌കൃതത്തിന് 38 ഇനങ്ങളും അറബികിന് 32 ഇനങ്ങളുമാണുള്ളത്. രാത്രി 8 നുള്ളിൽ മത്സരങ്ങൾ അവസാനിക്കുന്ന വിധത്തിലാണ് പരിപാടി തയ്യാറാക്കിയിട്ടുള്ളത്. പാചക വിദഗ്ദ്ധൻ കെ.യു.ദാമോദര പൊതുവാളിന്റെ നേതൃത്വത്തിൽ പയ്യന്നൂരിന്റെ തനത് രുചിഭേദങ്ങളോടെ പായസ്സമടക്കമുള്ള വിഭവ സമൃദ്ധമായ സദ്യയാണ് അഞ്ച് ദിവസവും ഒരുക്കുക. പ്രഭാത ഭക്ഷണവുമുണ്ട്. ഒരേ സമയം 750 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. മത്സരാർത്ഥികൾക്ക് തിളപ്പിച്ചാറ്റിയ കുടിവെള്ളം സ്റ്റേജിന് അടുത്ത് തന്നെ നൽകും. മാലിന്യ നിയന്ത്രണത്തിന്റെ ഭാഗമായി മത്സരാർത്ഥികൾക്കുള്ള പാർസൽ ഭക്ഷണം സ്വീകരിക്കുന്നതിന് ടിഫിൻ ബോക്സ് കൊണ്ടുവരുന്നതിന് എല്ലാ സ്‌കൂളുകൾക്കും നിർദേശം നലകിയിട്ടുണ്ട്. പൂർണ്ണമായും ഹരിത പെരുമാറ്റ ചട്ടം പാലിച്ച് കൊണ്ടാണ് കലോത്സവം നടത്തുന്നത്. വാർത്താ സമ്മേളനത്തിൽ ടി.ഐ.മധുസൂദനൻ എം.എൽ എ, നഗരസഭ ചെയർ പേഴ്സൺ കെ.വി.ലളിത, ഡി.ഡി.ഇ കെ.എൻ.ബാബു മഹേശ്വരി പ്രസാദ്, യു.കെ.ബാലചന്ദ്രൻ, എം.പ്രസാദ്, ടി.കെ.രാജേഷ്, എം.പി.സതീഷ്‌കുമാർ, കെ.ശ്രീലത തുടങ്ങിയവർ സംബന്ധിച്ചു.
പാർക്കിംഗ്
ഇരുചക്ര വാഹനം, ഓട്ടോ, കാർ തുടങ്ങിയ ചെറു വാഹനങ്ങൾ പൊലീസ് മൈതാനിയിലും സുമംഗലി ടാക്കീസിന് മുൻവശവും പാർക്ക് ചെയ്യാം. മത്സരാർത്ഥികളെയും കൊണ്ട് വരുന്ന സ്‌കൂൾ ബസ് പോലുള്ള വലിയ വാഹനങ്ങൾ കുട്ടികളെ സെൻട്രൽ ബസാറിൽ ഇറക്കിയ ശേഷം, ബി.കെ.എം ഹോസ്പിറ്റൽ ജംഗ്ഷൻ, എൽ.ഐ.സി. ജംഗ്ഷൻ വഴി പുതിയ ബസ് സ്റ്റാന്റിൽ പാർക്ക് ചെയ്യണം. കലോത്സവ ദിവസങ്ങളിൽ സെൻട്രൽ ബസാർ ട്രാഫിക് സിഗ്നൽ ജംഗ്ഷൻ മുതൽ ട്രഷറി വരെയുള്ള റോഡും ഗാന്ധി പാർക്കിലേക്കുള്ള പ്രവേശനവും വൺവേ ആയിരിക്കും. ബോയ്സ് സ്‌കൂൾ റോഡിലെ ഓട്ടോ പാർക്കിംഗ് മാറ്റി ക്രമീകരിക്കും.
ആരോഗ്യ സുരക്ഷ
ആരോഗ്യ സുരക്ഷക്കായി ബി.ഇ.എം.എൽ.പി. സ്‌കൂളിൽ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനം ഉണ്ടായിരിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൻസ് സേവനം സജ്ജമാക്കിയിട്ടുണ്ട്. 18 ന് രാവിലെ 11 മണി മുതൽ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കും. ക്രമസമാധാന പാലനത്തിനായി പൊലീസ് സ്‌പെഷൽ ടീമും മഫ്തി പൊലീസും സിവിൽ ഡിഫൻസ് വളണ്ടിയേഴ്സും ഉണ്ടാകും.