തിരുവനന്തപുരം :- കേന്ദ്രസർക്കാരിൻ്റെ വയോജന ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആയുഷ്മാൻ ഭാരത് കേരളത്തിൽ ഈ മാസം തുടങ്ങും. ഇതിനകം നാലുലക്ഷത്തിലധികം പേർ സംസ്ഥാനത്ത് രജിസ്ട്രേഷൻ പൂർത്തിയാക്കിക്കഴിഞ്ഞു. പദ്ധതി നടത്തിപ്പിനായുള്ള കേന്ദ്രവിഹിതം എത്രയെന്നുള്ള കാര്യത്തിൽ വ്യക്തതയില്ലാതിരുന്നതാണ് കാലതാമസത്തിന് ഇടയാക്കിയത്. എന്നാൽ, പി.എം.ജെ.എ.വൈ രീതിയിൽ 1552 രൂപ പ്രീമിയം കണക്കാക്കി അതിന്റെ 60 ശതമാനമായിരിക്കും കേന്ദ്രവിഹിതമായി ലഭിക്കുക എന്നാണ് ഔദ്യോഗിക വിവരം.
നിലവിൽ കാരുണ്യ പദ്ധതിയിൽ എം പാനൽ ചെയ്തിരിക്കുന്ന ആശുപത്രികൾ ആയുഷ്മാൻ ഭാരതിന്റെയും ഭാഗമാകും. സാമ്പത്തിക പ്രതിസന്ധി കാരണം കേരളം പദ്ധതിയിൽ നിന്ന് മാറിനിൽക്കുകയാണ് എന്നും മറ്റുമുള്ള പ്രചാരണം തെറ്റാണെന്നും തമിഴ്‌നാടുപോലെ സംസ്ഥാനതല ഇൻഷുറൻസ് പദ്ധതികളുള്ള പല സംസ്ഥാനങ്ങളും ആയുഷ്മാൻ ഭാരതിൻ്റെ പ്രാരംഭപ്രവർത്തനങ്ങളിൽ കേരളത്തെക്കാൾ പിന്നിലാണെന്നും ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കി.