കണ്ണൂർ :- റെയിൽവേ പൊതുമേൽനടപ്പാത അടച്ചിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും പ്രവൃത്തി തുടങ്ങിയില്ല. ടെൻഡർ നടപടികളായിട്ടില്ലെന്നാണ് കണ്ണൂരിലെ റെയിൽവേ അധികൃതർ പറഞ്ഞത്. പാലക്കാട്ടു നിന്നാണ് പ്രവൃത്തി സംബന്ധമായ തീരുമാനമെടുക്കേണ്ടത്. ബലക്ഷയമുള്ള നിലവിലെ മേൽനടപ്പാത പൊളിച്ചുനീക്കുന്ന പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. എന്നാൽ ടെൻഡർ നൽകാത്തതിനാൽ പുതിയ മേൽപ്പാത വരാൻ ഇനിയും മാസങ്ങൾ കാത്തിരിക്കണം. അതുവരെ ജനങ്ങൾക്ക് പഴയ ബസ്സ്റ്റാന്റിൽ നിന്ന് പടിഞ്ഞാറ് റെയിൽവേ സ്റ്റേഷൻ റോഡിനെ (മുനീശ്വരൻ കോവിലിന് സമീപം) ബന്ധിപ്പിക്കുന്ന മേൽനടപ്പാത ഉപയോഗിക്കാനാകില്ല.
1986-ലാണ് റെയിൽവേ മേൽനടപ്പാത നിർമിച്ചത്. 38 വർഷം പഴക്കമുള്ള പാതയുടെ അറ്റകുറ്റപ്പണിക്കായി സെപ്റ്റംബറിൽ കുറച്ച് ദിവസം അടച്ചിട്ടു. പരിശോധനയിൽ ബലക്ഷയവും അപകടാവസ്ഥയും കണ്ടു. നടപ്പാത മുഴുവനും മാറ്റണമെന്ന് എൻജിനിയറിങ് വിഭാഗം നിർദേശിക്കുകയായിരുന്നു. തുടർന്ന് ഇതിലൂടെയുള്ള യാത്ര നിരോധിച്ചു.
പ്രവൃത്തി പൂർത്തീകരിക്കുന്നതു വരെ കണ്ണൂർ സ്റ്റേഷൻ പ്ലാറ്റ്ഫോം വഴിയുള്ള മേൽനടപ്പാത തുറന്നു കൊടുത്തിട്ടുണ്ടെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ റെയിൽവേ അറിയിച്ചിരുന്നു. എന്നാൽ ഇത് പ്രാവർത്തികമായില്ല. റെയിൽവേയും കോർപ്പറേഷൻ അധികൃതരും ജനപ്രനിധികളും ശക്തമായി ഇടപെടണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.