കണ്ണൂർ :- ലെവൽ ക്രോസുകളിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റെയിൽവേ ഗേറ്റുകൾ സ്ഥാപിച്ചു തുടങ്ങി. സ്വിച്ചിട്ടാൽ ഗേറ്റ് പൊങ്ങുകയും താഴുകയും ചെയ്യും. പാലക്കാട് ഡിവിഷനിലെ രണ്ടാമത്തെ ഇലക്ട്രിക് ലിഫ്റ്റിങ് ബാരിയർ (ഇ.എൽ.ബി) ആർപ്പാംതോടിലെ ചിറക്കൽ ഗേറ്റിൽ കമ്മിഷൻ ചെയ്തു. തിങ്കളാഴ്ച ഉച്ചക്ക് 12.35-ന് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് ആദ്യവണ്ടിയായി ഗേറ്റ് വഴി കടന്നുപോയി. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഗേറ്റ് ഉയരാനും താഴാനും 10 സെക്കൻഡ് മതി. മെക്കാനിക്കൽ ഗേറ്റ് ഒരു മിനുട്ടിലധികമെടുക്കും.
പാലക്കാട് ഡിവിഷനിലെ 184 ഗേറ്റുകളിൽ പരപ്പനങ്ങാടി-കടലുണ്ടി സ്റ്റേഷനുകൾക്കിടയിലാണ് ആദ്യ ഇ.എൽ.ബി വന്നത്. 30 ലെവൽ ക്രോസുകളിൽ ഇ.എൽ.ബി ആയി ഉയർത്താനുള്ള പദ്ധതി വരുന്നുണ്ട്. ഇതിൽ 10 ഗേറ്റുകൾ കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ വരും. തിരുവനന്തപുരം ഡിവിഷനിൽ നിലവിൽ രണ്ടു ഗേറ്റുകൾ ഈ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നു.
ഇതുവഴി ഗേറ്റ് കീപ്പറുടെ ശാരീരികാധ്വാനം കുറയും. റെയിൽ ഗതാഗതത്തിലെ സുരക്ഷയും കാര്യക്ഷമതയും കൂടും. റോഡിലെ വാഹന യാത്രക്കാർക്ക് അധിക സമയം ക്യൂ നിൽക്കേണ്ട. മോട്ടോർ അടക്കം അറ്റകുറ്റപ്പണി എളുപ്പത്തിൽ ചെയ്യാം. മെക്കാനിക്കൽ സാങ്കേതികതയിലെ പിഴവുകൾ ഒഴിവാകും. വേഗത്തിൽ ഗേറ്റ് അടയുന്നതിനാൽ മുറിച്ചുകടക്കുന്ന വാഹനങ്ങളും കാൽനടയാത്രക്കാരും ശ്രദ്ധിക്കണം. വണ്ടി വരുന്നതിന് മുൻപ് ഗേറ്റിൽ ശബ്ദത്തോടെ അലാറം മുഴങ്ങും. വണ്ടി പോയി ഒരു മിനിട്ട് കഴിഞ്ഞാൽ ശബ്ദത്തോടെ ഗേറ്റ് തുറക്കും.