നിർമ്മാണം പൂർത്തിയായിട്ടും ഫ്ലോട്ടിങ് ബ്രിഡ്ജുകൾ തുറന്നുകൊടുത്തില്ല, പുഴയിൽ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ ഫ്ലോട്ടിങ് ബ്രിഡ്ജിനരികിൽ അടിഞ്ഞു കൂടുന്നു


പറശ്ശിനിക്കടവ് :- വിനോദസഞ്ചാരമേഖലക്ക് കുതിപ്പേകുമെന്ന് പ്രഖ്യാപിച്ച് നിർമാണം പൂർത്തിയാക്കിയ വളപട്ടണം പുഴയിലെ പ്രധാനകേന്ദ്രങ്ങളിലെ ഫ്ലോട്ടിങ് ബ്രിഡ്ജുകൾ മാസങ്ങളായി ആരും തിരിഞ്ഞുനോക്കുന്നില്ല. പാപ്പിനിശ്ശേരിയിലെ പാറക്കല്ലിലും പറശ്ശിനിക്കടവിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലുമാണ് ബോട്ട് ടെർമിനലും വെനീസ് ഫ്ലോട്ടിങ് ബ്രിഡ്ഡും മാസങ്ങൾക്ക് മുൻപ് പൂർത്തിയാക്കിയത്. ഇതിൽ പറശ്ശിനിക്കടവ് ബോട്ട് ടെർമിനൽ മാത്രമാണ് തുറന്നുകൊടുത്തത്. കേന്ദ്ര സർക്കാരിന്റെ സഹായധനത്തോടെ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് ഇവ സ്ഥാപിച്ചത്. പാറക്കലിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന് മാത്രം 1.90 -കോടി രൂപയാണ് ചെലവ്. സമാന രീതിയിലാണ് മറ്റുള്ളവയുടെയും നിർമാണച്ചെലവ്. രണ്ടുവർഷം മുൻപാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമാണം വളപട്ടണത്ത് തുടങ്ങിയത്. എന്നാൽ പുഴയിൽ സ്ഥാപിച്ച സാമഗ്രികളിൽ മാലിന്യം കുമിഞ്ഞുകൂടിയതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചു.

തുടർന്ന് അവ കരയിൽ മാസങ്ങളോളം കുട്ടിയിട്ടു. വീണ്ടും പ്രതിഷേധം ഉയർന്നതോടെയാണ് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ എല്ലാ സാമഗ്രികളും പിന്നീട് പാറക്കലിൽ എത്തിച്ചത്. തുടർന്നാണ് പാറക്കലിലെ ബോട്ടുജെട്ടിക്ക് സമീപം ഫ്ലോട്ടിങ് ബ്രിഡ്ജും ടെർമിനലും നിർമിച്ചത്. സമാനരീതിയിലുള്ള ഫ്ലോട്ടിങ് ബ്രിഡ്ജാണ് പറശ്ശിനിക്കടവിലും സ്ഥാപിച്ചത്. ഇവിടെയും നിർമാണം തുടങ്ങി ഒന്നരവർഷം പണി ഇഴഞ്ഞ ശേഷം 10 മാസം മുൻപാണ് പൂർത്തിയാക്കിയത്. ഫ്ലോട്ടിങ് ബ്രിഡ്ജ് തുറന്നുകൊടുക്കാൻ ഉടൻ ടെൻഡർ നടപടികളിലേക്ക് നീങ്ങുമെന്നാണ് ടൂറിസം വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. 

വളപട്ടണം പുഴയിലൂടെ ഒഴുകിയെത്തുന്ന വിവിധ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്ന പ്രധാന കേന്ദ്രമാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് പരിസരം. പ്ലാസ്റ്റിക് മാലിന്യം മുതൽ അജ്ഞാത മൃതദേഹംവരെ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ അരികിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മാലിന്യം നിറയുന്നത് പാറക്കൽ, പറശ്ശിനിക്കടവ് മേഖലകളിൽ ഭീഷണി കൂടിയാണ്. പാറക്കൽ കേന്ദ്രമായി ടൂറിസം സർക്യൂട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിനോടൊപ്പം പാപ്പിനിശ്ശേരി പാറക്കലിൽ വിഭാവനം ചെയ്യുന്നത് വലിയ സാധ്യതകളുള്ള ടൂറിസം സർക്യൂട്ട് കൂടിയാണ്. പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ കീഴിൽ വളപട്ടണം പുഴയിലെ ചെറുദ്വീപായ ഭഗത്സിങ് ഐലൻഡ് അടക്കമുള്ള കൊച്ചു ദ്വീപുകളെയും തുരുത്തുകളെയും കോർത്തിണക്കി ബോട്ട് സർവീസ് തുടങ്ങാനാണ് ലക്ഷ്യം. ഇതിനായി പാറക്കലിൽ പാർക്കും ഇരിപ്പിടവും പൂന്തോട്ടവും അടക്കം നിർമ്മിക്കാൻ ശ്രമവും തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ടൂറിസം വകുപ്പിന്റെ സഹായത്തോടെ ദേശീയ -അന്തർദേശീയ വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് ഫ്ലോട്ടിങ് ബ്രിഡ്ജിനോടൊപ്പം മാർക്കറ്റും വിഭാവനം ചെയ്തത്. ഭക്ഷണശാലകളും പക്ഷിത്തുണുകളും ഏറുമാടവും കരകൗശല വിൽപ്പനശാലകളും വെള്ള ത്തിൽ പൊങ്ങിക്കിടക്കുന്ന ഫ്ലോട്ടിങ് മാർക്കറ്റിൽ ഒരുക്കേണ്ടതുണ്ട്.

Previous Post Next Post