പയ്യന്നൂർ: - വനിതാ പൊലീസുകാരിയെ കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷ് ആണ് പിടിയിലായത്. ദിവ്യശ്രീയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ നേരെ പോയത് പുതിയതെരുവിലെ ബാറിലേക്കാണ്. വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
കരിവെള്ളൂരിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ദിവ്യശ്രീയുമായി രാജേഷ് ഏറെ നാളായി അകന്നുകഴിയുകയായിരുന്നു. വൈകിട്ട് ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ് വെട്ടിവീഴ്ത്തുകയായിരുന്നു. ആക്രമണം തടയുന്നതിനിടെ ദിവ്യശ്രീയുടെ പിതാവ് വാസുവിനും പരിക്കേറ്റു. ഇദ്ദേഹം നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ വളപ്പട്ടണം പൊലീസ് സ്റ്റേഷനിലാണ് പ്രതി രാജേഷ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കും.