മട്ടന്നൂർ :- ക്രിസ്മസ്, പുതുവത്സര അവധി ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് ഉയർത്തി വിമാന കമ്പനികൾ. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര സെക്ടറിൽ നിരക്ക് ഇരട്ടിയും രണ്ടിരട്ടിയുമായി. കണ്ണൂർ-ഡൽഹി റൂട്ടിലും ക്രിസ്മസ് അവധിസമയത്ത് നിരക്ക് ഇരട്ടിയായി. സാധാരണ 5,300 രൂപ മുതലാണ് കണ്ണൂർ-ഡൽഹി സെക്ടറിലെ ടിക്കറ്റ് നിരക്ക്. എന്നാൽ ഡിസംബർ 21 മുതൽ 27 വരെ നിരക്ക് ഇരട്ടിയോളം വരും. ഇന്നലെ വൈകിട്ട് ബുക്ക് ചെയ്യുമ്പോൾ 24ന് 10,045 രൂപ മുതലാണ് നിരക്ക്. ഇതേ ദിവസങ്ങളിൽ ഡൽഹിയിൽ നിന്ന് കണ്ണൂരിലേക്ക് വരാനും 10,000 രൂപയ്ക്ക് മുകളിലാണ് നിരക്ക്.
സാധാരണ കണ്ണൂർ -ഹൈദരാ ബാദ് റൂട്ടിൽ 4300 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഡിസംബർ 22ന് 7350, 29ന് 7590 രൂപ മുതലാണ് നിരക്ക്. ഇതേ ദിവസങ്ങളിൽ ഹൈദരാബാദിൽ നിന്ന് കണ്ണൂരിലേക്കും സമാന രീതിയിലാണ് നിരക്ക്.3920 രൂപയാണ് ബെംഗളൂരു- കണ്ണൂർ റൂട്ടിൽ സാധാരണ കുറഞ്ഞ നിരക്ക്.എന്നാൽ ഡിസംബർ 28ന് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലെത്താൻ 8230 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.