കാസർഗോഡ് :- ജനങ്ങളുടെ കൈവശമുള്ള പണം കൈക്കലാക്കാൻ പുതുവഴികളുമാ യി തട്ടിപ്പുകാർ. രാജസ്ഥാനിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് പശുക്കളെ തീവണ്ടിയിൽ നാട്ടിലെത്തിച്ചു കൊടുക്കുമെന്ന് പറഞ്ഞാണ് പുതിയ തട്ടിപ്പ്. പശുവിനെ വാങ്ങാൻ വിലയിലൊരു ഭാഗം മുൻകൂറായി നൽകിയാൽ പിന്നീട് ഇവരുടെ പൊടിപോലും കാണില്ലെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.
'ഓസ്ട്രേലിയൻ ജഴ്സി' പശുക്കളെ കുറഞ്ഞ വിലയ്ക്ക് നാട്ടിലെത്തിച്ച് തരാമെന്ന് പറഞ്ഞാണിവർ വലവീശുന്നത്. ക്ഷീരകർഷകരും ഇവരുടെ തട്ടിപ്പിനിരയാകുന്നു. രാജസ്ഥാനിൽനിന്ന് തീവണ്ടിയിലെ പ്രത്യേക ബോഗി ബുക്ക് ചെയ്താണ് പശുക്കളെ എത്തിക്കുന്നതെന്നും ആവശ്യമുള്ളവർക്ക് അവരുടെ അടുത്ത റെയിൽവേ സ്റ്റേഷനിൽ ഇറക്കിക്കൊടുക്കുമെന്നുമാണ് വാഗ്ദാനം.
പശുവിന്റെ ഗുണങ്ങളും കിട്ടുന്ന ലാഭവും വർണിച്ച് വി ശ്വസമാർജിച്ച ശേഷം മുൻകൂറായി കുറച്ച് പണം ആവശ്യപ്പെടും. ബാക്കി റെയിൽവേ സ്റ്റേഷനിൽ പശുവിനെ ഇറക്കിയശേഷം നൽകിയാൽ മതിയെന്നും അറിയിക്കും. ഇത് വിശ്വസിച്ച് പണമയച്ചുകൊടുക്കുന്ന വരാണ് തട്ടിപ്പിനിരയാകുന്നത്. പിന്നീട് ഒരു വിവരവുമുണ്ടാകില്ല. പശുവിൻ്റെ വിലയനുസരിച്ച് ഓരോരുത്തരിൽ നിന്നും വാങ്ങുന്ന മുൻകൂർ തുകയ്ക്കും ഏറ്റക്കുറച്ചിലുണ്ടാകും.
തട്ടിപ്പനിരയാകുന്നവർ നാണക്കേട് ഭയന്ന് മിണ്ടാതിരിക്കുന്ന പ്രവണതയുണ്ട്. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ ടോൾഫ്രീ നമ്പറായ 1930-ൽ വിവരമറിയിച്ചാൽ പലപ്പോഴും പണം തിരിച്ചു പിടിക്കാനായേക്കും. www. cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.