കോഴിക്കോട് :- റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ജർമൻ വിനോദ സഞ്ചാരിക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് 4.20നു കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലാണു സംഭവം. കോഴിക്കോട് നിന്നു കൊച്ചിയിലേക്കു പോവുകയായിരുന്ന 14 അംഗ സംഘത്തിലെ ആസ്ട്രിഡ് ഹ്യൂക്കെലിന്റെ (60) വലതു കാലിനാണു തെരുവു നായയുടെ കടിയേറ്റത്. തുടർന്ന് ഇവർ തൃശൂർ സ്‌റ്റേഷനിൽ ഇറങ്ങിയെന്നു റെയിൽവേ പൊലീസ് സ്ഥിരീകരിച്ചെങ്കിലും ചികിത്സ തേടിയതായി വിവരമില്ല. പിന്നീട് ഇവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിലെ (20633) യാത്രയ്ക്കായി കോഴിക്കോടു സ്‌റ്റേഷനിലെത്തിയതായിരുന്നു സംഘം. മൂന്നാം പ്ലാറ്റ്ഫോമിലൂടെ സഞ്ചരിക്കുന്നതിനിടെ അബദ്ധത്തിൽ നായയെ ചവിട്ടിയപ്പോഴാണു കടിയേറ്റത്. ആർപിഎഫ് എഎസ്ഐ കെ.സി രഞ്ജിത്തിൻ്റെ നേതൃത്വത്തിൽ പൊലീസ് ഉടൻ സ്‌ഥലത്തെത്തി. ഡിഎം ഡോ.ബ്രയോൺ ജോൺ ഉൾപ്പെടെ റെയിൽവേ സംഘം വൈദ്യസഹായവുമെത്തിച്ചു.
സമീപത്തെ ആർപിഎഫ് കേന്ദ്രത്തിലെത്തിച്ച് സോപ്പ് ഉപയോഗിച്ച് മുറിവു കഴുകിയശേഷം കെട്ടി. തുടർ ചികിത്സയ്ക്കു ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകാൻ ഡോക്‌ടർ നിർദേശിച്ചെങ്കിലും സംഘം യാത്ര തുടരുകയായിരുന്നു. കോഴിക്കോട്ടു നിന്ന് എറണാകുളത്തേക്കാണു സംഘം ടിക്കറ്റെടുത്തിരുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിനകത്തും പുറത്തും തെരുവുനായ്ക്കളുടെ വിളയാട്ടമാണ്. 4 പ്ലാറ്റ്ഫോമുകളിലും യാത്രക്കാർ ആശങ്കയോടെയാണ് കടന്നുപോകുന്നത്.