താഴെ ചൊവ്വ :- കണ്ണൂർ - തലശ്ശേരി ദേശീയപാതയിൽ താഴെചൊവ്വ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ശ്രമവുമായി ട്രാഫിക് പോലീസ്. കാപ്പാട് റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതും തിരിച്ച് ദേശീയപാതയിൽ പ്രവേശിക്കുന്നതും കാരണമുള്ള വാഹനത്തിരക്കാണ് ടൗണിലെ കുരുക്കിനുള്ള കാരണങ്ങളിൽ ഒന്ന്. ചൊവ്വപ്പാലം കഴിഞ്ഞയുടനെ കാപ്പാട് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ദേശീയപാതയ്ക്ക് വീതികൂട്ടി താൽക്കാലിക ഡിവൈഡറുകൾ സ്ഥാപിച്ച് റോഡിന് പ്രത്യേക വരി ഉണ്ടാക്കി വാഹനങ്ങളെ കാപ്പാട് റോഡിലേക്ക് പ്രവേശിപ്പിക്കാനാണ് പോലീസ് ആലോചിക്കുന്നത്. ഇതിനു വേണ്ടി മത്സ്യമാർക്കറ്റിനു മുൻപിലുള്ള റോഡരിക് ടാർ ചെയ്ത് ഉപയോഗിക്കും. ഇതിനു വേണ്ടി പുതിയ ദേശീയപാത നിർമാണം നടത്തുന്ന വിശ്വസമുദ്ര കരാർ കമ്പനിയുമായി ട്രാഫിക് പൊലീസ് ചർച്ച നടത്തിയിട്ടുണ്ട്.
താഴെചൊവ്വ ടൗണിൽ യാത്രക്കാരെ കയറ്റാനും ഇറക്കാനും ബസുകൾ തോന്നുന്നത് പോലെ നിർത്തിയിടുന്നത് ഒഴിവാക്കും. ഇതിനു വേണ്ടി തലശ്ശേരി കൂത്തുപറമ്പ് ഭാഗത്തേക്കുള്ള ബസ് ഷെൽട്ടറിനു മുൻപിൽ താൽക്കാലിക ഡിവൈഡർ സ്ഥാപിച്ച് റോഡിന് പ്രത്യേക വരി ഉണ്ടാക്കും. യാത്രക്കാരെ കയറ്റാനും ഇറക്കാനും ബസുകൾ ഈ വരിയിൽ മാത്രം നിർത്തണമെന്ന കർശന നിർദേശവും നൽകും. തെഴുക്കിലെ പീടിക സ്റ്റോപ്പിൽ കണ്ണൂർ ഭാഗത്തേക്കുള്ള ബസ് കാത്ത കാത്തിരിപ്പ് കേന്ദ്രം കെഎസ്ഇബി ഓഫിസിനു മുൻപിൽ സജ്ജീകരിച്ച് ബോർഡ് വയ്ക്കും.
ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടികളുമായി സഹകരിക്കാത്ത പക്ഷം ബസുകൾ അടക്കമുള്ള വാഹനങ്ങൾക്ക് പിഴ ഈടാക്കാനാണ് തീരുമാനം. നഗര ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെഭാഗമായി കാൽടെക്‌സിൽ തലശ്ശേരി ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് മുൻപിൽ ഡിവൈഡറുകൾ ഉപയോഗിച്ച് റോഡിന് പ്രത്യേക വരി ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ പൊലീസ് നിരീക്ഷണം ഇല്ലാത്ത സമയങ്ങളിൽ ബസുകൾ വരി പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
മേലെചൊവ്വ ജംക്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം മട്ടന്നൂർ റോഡിലേക്ക് 60 മീറ്റർ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഇതിന് ശേഷം സ്ഥലത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായിട്ടുണ്ട്. ഇവിടെയും പൊലീസ് നിരീക്ഷണമില്ലാത്ത സമയങ്ങളിൽ ബസുകൾ പുതിയ ഗതാഗത പരിഷ്‌കാരം അനുസരിക്കുന്നില്ലെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും അനുസരിക്കാത്ത പക്ഷം കർശന നടപടികൾ എടുക്കുമെന്നും ട്രാഫിക് പോലീസ് പറഞ്ഞു.