കണ്ണൂർ :- തെയ്യങ്ങളുടെ നിറം കെടുത്തി, വിശ്വാസികളുടെ ഉള്ള് നോവിച്ച് ഗൾഫിലെ അജ്‌മാനിൽ 'കളിയാട്ട മഹോത്സവം' കൊണ്ടാടിയത് വിവാദത്തിൽ . ഉത്തര മലബാറിലെ ക്ഷേത്രങ്ങളിലും കാവുകളിലും തറവാട്ടകളിലും ഭക്തിയുടെയും വിശ്വാസത്തിന്റെയും ഭാഗമായി അനുഷ്ഠിച്ചു വരുന്ന തെയ്യങ്ങൾ വിദേശ രാജ്യങ്ങളിൽ ചെന്ന് കെട്ടിയാടിയ കോലധാരികളുടെ അവിശുദ്ധ നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് വിശ്വാസികൾ. കണ്ണൂർ ജില്ലയിലെ കോലധാരികളാണ് കളിയാട്ടമഹോത്സവത്തിനായി അജ്മാനിൽ എത്തിയത്.
കഴിഞ്ഞ ദിവസം നടന്ന 'കളിയാട്ടം' ഒരു വിധത്തിലും ഉൾക്കൊള്ളാനാവില്ലെന്ന് വിവിധ ക്ഷേത്രങ്ങളെ പ്രതിനിധീകരിക്കുന്നവരും കോലധാരികളും വിഷ്ണുമൂർത്തി വെളിച്ചപ്പാടുകളും ശക്തമായ ഭാഷയിൽ പ്രതിഷേധിച്ചു.പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡൻ്റ് അഡ്വ.കെ.ബാലകൃഷ്ണൻ, ഉത്തര മലബാർ തീയ്യസമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജൻ പെരിയ, വിഷ്ണുമൂർത്തി വയനാട്ടുകുലവൻ വെളിച്ചപ്പാട് പരിപാലന സംഘം കാസർകോട് ജില്ലാ പ്രസിഡന്റ് വേണു അയ്യങ്കാവ്, കരിപ്പോടി തിരൂർ മുച്ചിലോ ട്ട് ഭഗവതി ക്ഷേത്ര പ്രസിഡൻ്റ് അമ്പു ഞെക്ലി,അഖില കേരള യാദവ സഭ സംസ്ഥാന ல പ്രസിഡന്റ്റ് അരവത്ത് കെ.ശിവരാമൻ മേസ്ത്രി, തിരുവക്കോളി നഗരസഭ വിഷ്ണു മൂർത്തി ക്ഷേത്ര പ്രസിഡൻ്റ് എം.വി.ശ്രീധരൻ, ഉദുമ പടിഞ്ഞാർ കോതാറമ്പത്ത് ചൂളിയാർ ഭഗവതി ക്ഷേത്ര പ്രസിഡന്റ് കമലാക്ഷൻ കരിച്ചേരി, കോതാറമ്പത്ത് ചൂളിയാർ ഭഗവതി നഗരസഭ വിഷ്ണുമൂർത്തി ക്ഷേത്ര പ്രസിഡന്റ് കെ.വി.രഘുനാഥൻ തുടങ്ങിയവർ ഈ പ്രവണതയ്ക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. കളിങ്ങോത്ത് ദേവസ്ഥാനത്തിൽ അടുത്ത വർഷം നടക്കുന്ന തെയ്യംകെട്ടിൽ തൊണ്ടച്ചൻ തെയ്യത്തിൻ്റെ നിർദിഷ്ട കോലധാരിയായ ചതുർഭുജൻ കർണമൂർത്തിയും കണ്ടനാർകേളൻ തെയ്യത്തിൻ്റെ കോലധാരിയായ ഷിബു കൂടാനനും ഗൾഫ് കളിയാട്ടത്തോടുള്ള അവരുടെ അതൃപ്‌തി പ്രകടമാക്കി.
വിശ്വാസത്തെ വികലമാക്കി തെയ്യക്കോലങ്ങളെ രാഷ്ട്രീയപാർട്ടികളുടെ ജാഥകളിലും സ്റ്റേജുകളിലും വർഷങ്ങൾക്ക് മുമ്പെ പ്രദർശിപ്പിച്ചിരുന്നു. അന്ന് ഭക്തജനങ്ങൾ പ്രതിഷേധിച്ചെങ്കിലും പ്രവണത ആവർത്തിക്കപ്പെടുകയായിരുന്നു.
വടക്കൻ കേരളത്തിൽ നിന്നുള്ളവരുടെ സംഘടനയായ അജ്‌മാനിലെ വിന്നേഴ്‌സ് ക്ലബിന്റെ പേരിലാണ് ഗൾഫിൽ കളിയാട്ട മഹോത്സവം നടത്തിയത്. 24 നാണ് 'യു.എ.ഇയിൽ ആദ്യം' എന്ന പോസ്റ്റർ അടിച്ച് കളിയാട്ട മഹോത്സവം നടത്തിയത്. നാട്ടിലെ ആരാധനാലയങ്ങളിൽ നടക്കുന്ന അതേ ചടങ്ങുകളോടെയാണിത് അജ്‌മാനിലെ വിന്നേഴ്സ് ക്ലബ്ബിൽ 'കളിയാട്ട മഹോത്സവം' എന്ന പേരിൽ വലിയ പരസ്യത്തോടെ കെട്ടിയാടിയത്. പുലർച്ചെ അഷ്ടദ്രവ്യ ഹോമം നടന്നു കണ്ണൂരിന് വടക്ക് കെട്ടിയാടുന്ന ശാസ്തപ്പൻ തെയ്യത്തിന്റെ വെള്ളാട്ടത്തോടെയായിരുന്നു തുടക്കം. അതേ തെയ്യത്തിൻ്റെയും വിഷ്ണുമൂർത്തിയുടെയും ഗുളികന്റെയും പുറപ്പാടുകളുമുണ്ടായിരുന്നു. മുന്നോടിയായി പതിവുള്ള തോറ്റവും പാടി.കരിയിടിക്കൽ ചടങ്ങോടെ സമാപനം എന്നാണ് പരസ്യത്തിലുള്ളത്ത്. പകലും രാത്രിയിലും അന്നദാനവും വിളമ്പി.
പട്ടും വളയും കേന്ദ്രസംസ്ഥാന പുരസ്കാരങ്ങളും നേടിയവരും ചില കോലധാരികളും ചേർന്നാണ് കളിയാട്ടം നടത്തുന്നത് എന്ന് അവരുടെ പേരുകൾ സഹിതം പ്രത്യേക സൂചനയും പോസ്റ്ററിലുണ്ടായിരുന്നു. പുലച്ചെ അഷ്ടദ്രവ്യ ഗണപതി ഹോമം നടത്തിയതിന് ശേഷമാണ് തെയ്യങ്ങൾ അരങ്ങിലെത്തിയത്.