കൽപറ്റ:- ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസ വിഷയത്തിൽ നവംബർ 19-ന് വയനാട്ടിൽ യു.ഡി.എഫും എൽ.ഡി.എഫും ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേയാണ് യു.ഡി.എഫ് ഹർത്താൽ. കേന്ദ്രസഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് എൽ.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
വയനാട് ദുരിതബാധിതർക്കുള്ള കേന്ദ്രസഹായം വൈകുന്നതിൽ പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണ് ഇരുപാർട്ടികളും ഹർത്താലിനു ആഹ്വാനം ചെയ്തത്. കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു. കേന്ദ്രം ഫണ്ട് നൽകാത്തതിന് സംസ്‌ഥാന സർക്കാരിനെ കുറ്റപ്പെടുത്താനില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗാപാൽ അഭിപ്രായപ്പെട്ടു. കേന്ദ്രം നൽകിയതുൾപ്പെടെ സംസ്ഥാനസർക്കാരിൻ്റെ കൈയ്യിൽ ആവശ്യത്തിന് പണമുണ്ടായിട്ടും അത് ദുരന്തബാധിതർക്ക് നൽകാത്തതെന്താണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ചോദിച്ചു.
ഹർത്താൽ ദിനത്തിൽ കേന്ദ്രസർക്കാർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും ദുരുന്തബാധിതരെ പ്രതിഷേധത്തിൽ അണിനിരത്തുമെന്നും യുഡിഎഫ് അറിയിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇതുപോലൊരു അവഗണന മറ്റൊരു ജനതയും അനുഭവിച്ചിട്ടുണ്ടാകില്ലെന്ന് MLA ടി സിദ്ധിഖ് പറഞ്ഞു. ദുരന്തം എൽ3 കാറ്റഗറിയായി പ്രഖ്യാപിക്കണമെന്നും ദുരന്തബാധിതരുടെ കടങ്ങൾ എഴുതിതള്ളണമെന്നും അടിയന്തര സഹായം ലഭ്യമാക്കണമെന്നുമാണ് വയനാടിന്റെ ആവശ്യം. എന്നാൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. എസ് ഡി ആർ എഫ് ഫണ്ടിലേക്ക് 388 കോടി നൽകിയെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എല്ലാ വർഷവും ഈ ഫണ്ട് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നതാണ്. സഹായം വൈകുന്നത് വയനാട്ടിലെ ജനങ്ങളോടുള്ള അവഗണനയാണ്', ടി സിദ്ധിഖ് പറഞ്ഞു.
വയനാട് ഉരുൾപൊട്ടലിനുള്ള കേന്ദ്ര സഹായം വൈകുന്നതിനെതിരെയാണ് വലിയ വിമർശനം ഉയർന്നിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാന്ദ് റായിയുടെ കത്തിലൂടെ വയനാട് പുനരധിവാസം പൂർണമായി കേന്ദ്രം ഏറ്റെടുക്കാനിടയില്ലെന്നും പ്രത്യേക പാക്കേജ് ലഭിക്കാനുള്ള സാധ്യത മങ്ങിയെന്നും ഉള്ള സൂചനയാണ് ലഭിക്കുന്നത്.
സംസ്ഥാനസർക്കാരിൻ്റെ കൈയ്യിൽ ആവശ്യത്തിന് പണമുണ്ടായിട്ടും അത് ദുരന്തബാധിതർക്ക് നൽകാത്തതെന്താണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മറുചോദ്യം . ദുരിതബാധിതരെ കേന്ദ്രം ശിക്ഷിക്കരുതെന്നും കേന്ദ്രസഹായം ലഭിക്കാത്തതിന് സംസ്‌ഥാനത്തെ കുറ്റപ്പെടുത്തില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗാപാൽ അഭിപ്രായപ്പെട്ടു.
അതിനിടെ വയനാട് ദുരിതാശ്വാസത്തന് കേരളത്തിന് അധിക ധനസഹായം നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ഇന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഈ മാസം അവസാനം ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് കേന്ദ്രം കോടതിയിൽ പറഞ്ഞത്. കേരളത്തിന്റെ ദുരന്തനിവാരണ ഫണ്ടിൽ പണം ഉണ്ടെന്നും കേന്ദ്രം കോടതിയിൽ ആവർത്തിച്ചു. വയനാടിന് പ്രത്യേക പാക്കേജായി 1500 കോടിയായിരുന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്.
കേന്ദ്ര സർക്കാരിൻ്റെ നിലപാടിനെ കുറിച്ച് വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന് ബിജെപിയും കേന്ദ്രം ദുരന്തബാധിതരെ ദ്രോഹിക്കുകയാണെന്ന് കോൺഗ്രസും സിപിഎമ്മും പറഞ്ഞതോടെ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ മുഖ്യ പ്രചരണവിഷയമായി വയനാടും മാറുകയാണ്.