കണ്ണൂർ :- കുട്ടികൾക്കിടയിൽ മുണ്ടിനീര് വ്യാപകമാകുകയാണ്. ജില്ലയിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്‌തത് 13,719 കേസുകളാണ്. 2016നു ശേഷം ജനിച്ച കുട്ടികൾക്ക് മുണ്ടിനീര് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടില്ല. ഇതു രോഗവ്യാപനത്തിൻ്റെ തോത് ഉയർത്തുന്നുണ്ട്. മുണ്ടിനീര് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും അസുഖത്തിനെതിരെ കരുതിയിരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.പിയൂഷ് എം.നമ്പൂതിരിപ്പാട് അറിയിച്ചു. പാരാമിക്സോ വൈറസ് വിഭാഗത്തിൽപെടുന്ന വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് മുണ്ടിനീര്. മുണ്ടിവീക്കം, തൊണ്ടി വീക്കം എന്നീ പേരുകളിലും അറിയപ്പെടുന്നു.
പനി, തലവേദന, ഛർദി, ദേഹവേദന എന്നിവയാകും തുടക്കത്തിലെ ലക്ഷണങ്ങൾ. രണ്ടു ദിവസം കഴിയുമ്പോഴേക്കും ചെവിയുടെ പിറകിൽ നിന്നു തുടങ്ങി കവിളിലേക്കു പടർന്നു വരുന്ന രീതിയിൽ പരോട്ടിഡ് ഗ്രന്ഥിയിൽ വീക്കമുണ്ടാകും. വീക്കം ആദ്യം ഒരു വശത്തു മാത്രം തുടങ്ങുമെങ്കിലും താമസിയാതെ 70 ശതമാനം കുട്ടികളിലും രണ്ടു വശത്തേക്കും പടരും. നീരുള്ള ഭാഗത്തും ചെവിയിലുമായി ശക്‌തമായ വേദനയുമുണ്ടാകും. ഭക്ഷണം കഴിക്കാനും വെള്ളമിറക്കാനും ബുദ്ധിമുട്ടുണ്ടാകും. അഞ്ചു മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതൽ ബാധിക്കുന്നതെങ്കിലും മുതിർന്നവരിലും കാണപ്പെടാറുണ്ട്. രോഗം കുട്ടികളിലേക്കാൾ ഗുരുതരമാകുന്നതു മുതിർന്നവരിലാണ്.