ന്യൂഡൽഹി :- നവംബറിൽ മാത്രം രാജ്യമാകെയുള്ള ആഭ്യന്തര വിമാന റൂട്ടുകളിൽ സഞ്ചരിച്ചത് 1.42 കോടി യാത്രക്കാരെന്ന് വ്യോമയാന ഡയറക്‌ടറേറ്റ് ജനറൽ (ഡിജി സിഎ). റെക്കോർഡ് ആണിത്. ഒക്ടോബറിലെ യാത്രക്കാരുടെ എണ്ണം 1.36 കോടിയായിരുന്നു. രാജ്യത്തെ പ്രതിദിന ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ചരിത്രത്തിലാദ്യമായി 5 ലക്ഷം കടന്നതും നവംബറിലാണ്. 2023 നവംബറിനെ അപേക്ഷിച്ച് 12% വർധന.
കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് ഇൻ ഡിഗോയിലാണ് (63.6%). എയർ ഇന്ത്യ (24.4%), ആകാശ എയർ (4.7%), സ്പൈസ്ജെറ്റ് (3.1%), എയർ അലയൻസ് (0.7%) എന്നിങ്ങനെയാണ് കണക്ക്. ഒരു മാസത്തിനിടെ ഒരു കോടി യാത്രക്കാരെ ലക്ഷ്യസ്ഥാ നത്ത് എത്തിച്ച ആദ്യ ഇന്ത്യ എയർലൈൻ ആയി ഇൻഡിഗോ നവംബറിൽ മാറി. 90.7 ലക്ഷം ആഭ്യന്തരയാത്രക്കാരും ബാക്കി രാജ്യാന്തര യാത്രക്കാരുമായിരുന്നു.