കണ്ണൂർ :- റെയിൽവേ സ്റ്റേഷനിലേയും പരിസരത്തെയും ഏഴ് നായകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി. ബുധനാഴ്ച മൃഗസംരക്ഷണ വകുപ്പും പീപ്പിൾ ഫോർ അനിമൽ വെൽഫയറിന്റെ നേതൃത്വത്തിൽ (പി.എ.ഡബ്ല്യു) സീനിയർ വെറ്റനറി ഓഫീസർ ഡോ. പി.കെ പദ്‌മരാജും സംഘവുമാണ് കുത്തിവെപ്പ് നടത്തിയത്. ഡോ. കെ.പദ്‌മ, പി.എ.ഡബ്ല്യു ഫൗണ്ടർ പ്രസിഡന്റ് ഡോ.സുഷമ പ്രഭു, അംഗങ്ങളായ അഡ്വ. ദീപ രാമചന്ദ്രൻ, എസ്.എൻ. കോളേജ് അധ്യാപിക പ്രൊഫ. ആർ.നിതിന്യ, കെ.രമേശൻ തുടങ്ങിയവർ നേതൃത്വം നൽകി.
ശനിയാഴ്ച കടിയേറ്റു എന്നുപറയുന്ന നായക്കും കുത്തിവെപ്പ് നടത്തിയിട്ടുണ്ടെന്ന് ഡോ. സുഷമ പ്രഭു പറഞ്ഞു. അതിനടക്കം അടുത്ത ദിവസം ബൂസ്റ്റർ ഡോസ് എടുക്കും. ഒഴിഞ്ഞു പോകുന്ന നായകൾക്ക് തുടർന്നുള്ള ദിവസങ്ങളിൽ കുത്തിവെപ്പ് നടത്താനാണ് തീരുമാനം. മൂന്ന് ദിവസമായി 21 നായകളെ വന്ധ്യംകരണത്തിന് പടിയൂരിലെ കേന്ദ്രത്തിൽ (ആനിമൽ ബർത്ത് കൺട്രോൾ, എ.ബി.സി) എത്തിച്ചു.
തിങ്കളാഴ്ച അഞ്ച് നായ്ക്കളെയും ചൊവ്വാഴ്ച ഒൻപതും ബുധനാഴ്ച ഏഴും നായ്ക്കളെയുമാണ് പിടിച്ചത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലും പ്ലാറ്റ്ഫോമിലും പരിസരത്തും 25-ഓളം പേരെ ബുധനാഴ്ച നായ അക്രമിച്ചിരുന്നു. നായക്ക് പേവിഷ ബാധ ഏറ്റിരുന്നെന്ന് പരിശോധനയിൽ തിരിച്ചറിഞ്ഞിരുന്നു. ഇത് നഗരത്തിലെത്തുന്നവരിൽ വലിയ പരിഭ്രാന്തിക്കും ഇടയാക്കിയിരുന്നു.