തിരുവനന്തപുരം :- മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് പൊതുവിതരണവകുപ്പ്. എ.എ.വൈ, മുൻഗണന (പി.എച്ച്.എച്ച്), സബ്സിഡി വിഭാഗങ്ങളിൽ നിന്നായി സംസ്ഥാനത്ത് ആകെ 65,072 റേഷൻ കാർഡ് ഉടമകളെയാണ് മുൻഗണനേതര വിഭാഗത്തിലേക്ക് തരംമാറ്റിയത്. ആനുകൂല്യങ്ങളുള്ള കാർഡ് കൈവശംവെക്കുകയും സ്ഥിരമായി റേഷൻ വാങ്ങാതിരിക്കുകയും ചെയ്തവരുടെ പട്ടിക തയ്യാറാക്കിയാണ് മുൻഗണനാവിഭാഗത്തിൽ നിന്ന് നീക്കിയത്.
94,02,467 റേഷൻകാർഡുകളാണ് സിവിൽ സപ്ലൈസ് വകുപ്പ് സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ളത്. ഇതിൽ മുൻഗണനാ വിഭാഗത്തിൽപ്പെടുന്ന (പി.എച്ച്.എച്ച്) 53,738 കുടുംബങ്ങൾ റേഷൻ വാങ്ങുന്നില്ലെന്നാണ് കണ്ടെത്തിയത്. ഇവരെ പൊതുവിഭാഗം (മുൻഗണനേതര വിഭാഗം എൻ.പി.എൻ.എസ്) റേഷൻകാർഡിലേക്ക് തരംമാറ്റി.
അന്ത്യോദയ അന്നയോജന (എ.എ.വൈ) വിഭാഗം റേഷൻ കാർഡുകൾ കൈവശം വെച്ചിട്ടുള്ള 7,040 കുടുംബങ്ങളും പൊതുവിഭാഗം സബ്‌സിഡിയുള്ള (എൻ.പി.എസ്.) 4,332 റേഷൻകാർഡ് ഉടമകളും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നില്ല. ഇവരുടെ റേഷൻ കാർഡും പൊതുവിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഏറ്റവും കൂടുതൽ റേഷൻകാർഡുകൾ തരം മാറ്റപ്പെട്ടത് എറണാകുളം ജില്ലയിലാണ്. ഇവിടെ ആകെ 8,663 റേഷൻകാർഡുകളാണ് മാറ്റിയത്. ഏറ്റവും കുറവ് വയനാട്ടിലാണ്. ഇവിടെ 869 റേഷൻകാർഡുകളും തരംമാറ്റി.