മുണ്ടേരിക്കടവ് റോഡിലെ അപകടസാധ്യത ; വീണ്ടും പരാതി നൽകി വെൽഫെയർ പാർട്ടി


ചേലേരി :- രണ്ട് യുവാക്കൾ അപകടത്തിൽ മരണപ്പെട്ട മുണ്ടേരിക്കടവ് റോഡരികിലെ ഓടകൾ സ്ലാബിട്ട് സുരക്ഷിതമാക്കണമെന്നും പൊട്ടിപ്പൊളിഞ്ഞ റോഡ് ടാർ ചെയ്യണമെന്നും ആവശ്യപ്പെട്ടു കൊണ്ട് വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റി വീണ്ടും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക്‌ പരാതി നൽകി. വെൽഫെയർ പാർട്ടിയുടെയും നാട്ടുകാരുടെയും ഇടപെടലിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് സ്ഥലം സന്ദർശിച്ചിരുന്നു. എന്നാൽ ഇത് വരെ നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ വീണ്ടും പൊതുമരാമത്ത് വിഭാഗത്തെ സമീപിക്കുകയായിരുന്നു. ജൽ ജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി കീറിയ റോഡ് നന്നാക്കാൻ ആവശ്യമായ തുക വാട്ടർ അതോറിറ്റി പൊതുമാരമത് വകുപ്പിന് കൈമാറിയിട്ടുണ്ട് എന്നാണ് വാട്ടർ അതോറിറ്റി പറയുന്നത്. 

നേരത്തെ ഈ വിഷയത്തിൽ കെ എസ് ഇ ബി, ജിയോ, കൊളച്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌, സെക്രട്ടറി, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർക്ക് നിവേദനം നൽകിയിരുന്നു. അപകടകരമായ അവസ്ഥയിൽ ഉണ്ടായിരുന്ന ജിയോ കമ്പനിയുടെ പോസ്റ്റ്‌ വെൽഫെയർ പാർട്ടി നൽകിയ നിവേദനത്തെ തുടർന്ന് മാറ്റി സ്ഥാപിച്ചിരുന്നു. സ്വകാര്യ കമ്പനിയുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകുകയും സർക്കാർ വകുപ്പുകൾ അനാസ്ഥ തുടരുകയും ചെയ്യുന്നതിനെതിരെ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. വിഷയത്തിൽ ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറോട് പാർട്ടി ആവശ്യപ്പെട്ടു.

അല്ലാത്ത പക്ഷം PWD ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള സമരങ്ങൾ നടത്താനാണ് പാർട്ടിയുടെ തീരുമാനം . വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിഷ്താർ കെ.കെ, സെക്രട്ടറി മുഹമ്മദ്‌ എം.വി, കമ്മിറ്റി അംഗം നൗഷാദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Previous Post Next Post