കണ്ണൂർ :- കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പുതിയ മേൽനടപ്പാത (ഫൂട്ട് ഓവർ ബ്രിഡ്ജ്) വരുന്നു. നിലവിൽ ലിഫ്റ്റുകൾ പ്രവർത്തിക്കുന്ന നടപ്പാതയുടെ അരികെയായിട്ടാണ് പുതിയതിൻ്റെ സ്ഥാനം. ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലേക്കും കിഴക്ക് - പടിഞ്ഞാറ് ഭാഗത്തേക്കും നടപ്പാത ഉപയോഗിക്കാം. പ്രവൃത്തി ടെൻഡർ ചെയ്തതായി പാലക്കാട് അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ (എ.ഡി.ആർ.എം) എസ്.ജയകൃഷ്ണൻ അറിയിച്ചു. മൂന്ന് ലിഫ്റ്റുകളും രണ്ട് എസ്സലേറ്ററുകളും ഇതിലേക്ക് തുറക്കും. അമൃത് ഭാരത് പദ്ധതിയിൽ വരുന്ന നിർദേശം കൂടിയാണിത്.
കണ്ണൂരിൽ മൂന്ന് പ്ലാറ്റ്ഫോമും ഒരു ബേ പ്ലാറ്റ്ഫോമിലുമാണ് വണ്ടികൾ നിൽക്കുന്നത്. ഇവയിലേക്ക് എത്താൻ രണ്ട് മേൽനടപ്പാതകൾ മാത്രം. അതിൽ ഒന്നിന്റെ വീതി രണ്ടു മീറ്ററിൽ കുറവും. രണ്ടാമത്തേതിന് മൂന്നു മീറ്റർ വീതിയുണ്ടെങ്കിലും പ്ലാറ്റ്ഫോമിൽ നിന്ന് കയറുന്ന ഭാഗം രണ്ടു മീറ്റർ മാത്രമാണ്. രാവിലെയും വൈകീട്ടും യാത്രക്കാരുടെ കനത്ത തിരക്കുണ്ടാകും. കയറാനും ഇറങ്ങാനുമാകാതെ യാത്രക്കാർ നിശ്ചലമാകും. റെയിൽവേ പൊതു മേൽനടപ്പാത അടച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണ്.