ന്യൂഡൽഹി :- ആഗോളതാപനം ഹിമാലയത്തിലെ മഞ്ഞുപാളികളിൽ ഗുരുതരമായ ആഘാതമുണ്ടാക്കിയതായി കേന്ദ്ര സർക്കാർ. നാഷനൽ സെൻ്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച് അടക്കമുള്ള ഗവേഷണ സ്‌ഥാപനങ്ങളും സർവകലാശാലകളും നടത്തിയ പഠനങ്ങളിലാണ് കണ്ടെത്തലെന്നു രാജ്യസഭയിൽ ഭൗമശാസ്ത്രമന്ത്രാലയം നൽകിയ മറുപടിയിൽ വ്യക്തമാക്കി. ചന്ദ്രനദീതട മഞ്ഞുപാളികൾ 20 വർഷത്തിനിടെ 6% ഇല്ലാതായി.
ഇവിടെ 2013നും 21നും ഇടയിൽ മഞ്ഞുപാളികളുടെ കനം 2.64 മീ റ്റർ മുതൽ 9.9 മീറ്റർ വരെ കുറഞ്ഞു. ഭാഗാതടത്തിൽ 2008നും 21നും ഇടയിൽ മഞ്ഞുപാളികളുടെ കനം 6.6 മീറ്റർ മുതൽ 9.9 മീ റ്റർ വരെ കുറഞ്ഞു. ഹിന്ദുക്കുഷ് മേഖലയിൽ 15.1 മീറ്ററും സിന്ധു നദീതടത്തിൽ 13.2 മീറ്ററും ഗംഗാതടത്തിൽ 15.5 മീറ്ററും ബ്രഹ്മപുത്ര തടത്തിൽ 20.2 മീറ്ററും ഓരോ വർഷവും ഇല്ലാതാകുന്നു. 10 വർഷത്തിനിടെ, ഓരോ വർഷവും ചന്ദ്രതടത്തിൽ 13 മുതൽ 33 വരെ മീറ്റർ മഞ്ഞുപാളികൾ പിൻവാങ്ങുന്നു. ചൂട് ഉയരുമ്പോൾ, മഞ്ഞുപാളികൾ ഉരുകും.