പേടിയുള്ളവർ ആനയെഴുന്നള്ളിപ്പിന് പോകരുതെന്ന് സുപ്രീംകോടതി


ന്യൂഡൽഹി :- ആളുകൾ അപകട സാധ്യത മനസ്സിലാക്കി ആനയെഴുന്നള്ളിപ്പിനു സ്വമേധയാ വരുന്നതാണെന്നും പേടിയുള്ളവർ അതിനു പോകരുതെന്നും സുപ്രീംകോടതി. ആനയെഴുന്നള്ളിപ്പ് നിരോധിക്കുകയല്ല, മറിച്ചു സുരക്ഷയാണ് ചുണ്ടിക്കാട്ടുന്നതെന്ന മൃഗാവകാശ പ്രവർത്തകരുടെ വാദത്തിനാണ് കോടതി മറുപടി നൽകിയത്. ആനയെഴുന്നള്ളിപ്പിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും മൃഗാവകാശ പ്രവർത്തകരുടെ വിഷയം അതല്ലെന്നും തെളിവില്ലാത്ത വാദമാണ് അവർ ഉന്നയിക്കുന്നതെന്നും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടി. മനുഷ്യന്റെ കാര്യം തന്നെ പ്രവചിക്കാൻ കഴിയില്ലെന്നിരിക്കെ, മൃഗങ്ങളുടെ കാര്യത്തിൽ എന്തുപറയാൻ പറ്റുമെന്നു കോടതി ചോദിച്ചു. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച 250 വർഷം പഴക്കമുള്ള ക്ഷേത്രോത്സവത്തിലാണ് ഹൈക്കോടതി ഇടപെടലെന്നും ഒഴിച്ചുകൂടാനാകാത്ത മതാചാരമാണെന്നും ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടി.

ചൂണ്ടയിൽ കൊളുത്തി കെട്ടിത്തുക്കി ബ്രൂണോ എന്ന നായയെ കൊന്നതുമായി ബന്ധപ്പെട്ട പൊതു താൽപര്യ ഹർജിയെ തുടർന്നാണു മൃഗങ്ങൾക്കെതിരായ ക്രൂരത ഹൈക്കോടതി പരിഗണിച്ചതെന്നും തുടർന്നാണു നാട്ടാനകളുടെ വിഷയവും ഉയർന്നുവന്നതെന്നും മൃഗാവകാശ പ്രവർത്തകർ വാദിച്ചു. ക്രൂരതയുടെ സ്വഭാവം എന്താണെന്നു കോടതി ചോദിച്ചു. ദീർഘനേരം നിൽക്കാൻ ആനകൾക്കു നൽകുന്ന പരിശീലനം ഉൾപ്പെടെയാണ് ക്രൂരതയായി പറഞ്ഞത്. ഇൻഷുറൻസ് ഉൾപ്പെടെ വേണ്ടത്ര മുൻകരുതൽ ഇല്ലാതെ അപകടം വരുത്തിവച്ചാൽ അതിന്റെ ബാധ്യത നടത്തിപ്പുകാർക്കായിരിക്കും. ഇത്തരം കാര്യങ്ങളിൽ കോടതി ഇടപെടേണ്ടതില്ല. വനത്തിലും തോട്ടം മേഖലയിലും ആനകൾക്ക് ഷോക്കേൽക്കുന്ന കാര്യവും കോടതി ചുണ്ടിക്കാട്ടി. കാട്ടാനകളുടെ സഞ്ചാരം വൈദ്യുതവേലികൾ വഴി തടയുന്നുണ്ട്. ഇക്കാര്യം മൃഗാവകാശ സംഘടനകൾ ചോദ്യം ചെയ്യുന്നില്ലേയെന്നും കോടതി ചോദിച്ചു. ദേവസ്വങ്ങൾക്കായി കപിൽ സിബൽ, എം.ആർ അഭിലാഷ് എന്നിവരും മൃഗാവകാശ സംഘടനകൾക്കായി ശ്യാം ദിവാൻ, സിദ്ധാർഥ് ലൂത്ര എന്നിവരും ഹാജരായി.

Previous Post Next Post