കണ്ണൂർ :- റെയിൽവെ സ്റ്റേഷനിലും പരിസരത്തുമുള്ള അഞ്ചുനായകളെ തിങ്കളാഴ്ച പിടിച്ചു. പടിയൂരിലെ വന്ധ്യംകരണ കേന്ദ്രത്തിൽ (ആനിമൽ ബർത്ത് കൺട്രോൾ എ.ബി.സി) എത്തിച്ചു. വന്ധ്യംകരിച്ച ശേഷം ഇവയെ തിരിച്ചുവിടും. പ്രതിരോധ വാക്സിനും നൽകും. കണ്ണൂർ റെയിൽവേ സ്റ്റേഷനിലും പ്ലാറ്റ്ഫോമിലും പരിസരത്തും ബുധനാഴ്ച നായ യാത്രക്കാരെ ആക്രമിച്ച സംഭവത്തിൽ റെയിൽവേ വെള്ളിയാഴ്ച യോഗം വിളിച്ചിരുന്നു. രണ്ട്, മൂന്ന്, നാല് തീയതികളിൽ നായകളെ പിടിച്ച് വന്ധ്യംകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി അറിയിച്ചിരുന്നു.
ഇതിനെ തുടർന്നാണ് പടിയൂർ കേന്ദ്രത്തിൽ നിന്നെത്തിയവർ തിങ്കളാഴ്ച നായകളെ പിടിച്ചത്. പീപ്പിൾ ഫോർ അനിമൽ വെൽഫെയർ (പി.എ.ഡബ്ല്യു) ഭാരവാഹികളായ ഡോ. സുഷമ പ്രഭു, അഡ്വ. ദീപ രാമചന്ദ്രൻ തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു. ശനിയാഴ്ച സ്റ്റേഷനിൽ അസ്വാഭാവിക രീതിയിൽ കണ്ട നായയെ ഇതുവരെ കണ്ടെത്തിയില്ല. ബുധനാഴ്ച പേ വിഷബാധയേറ്റ് ചത്ത നായ പല നായകളെയും കടിച്ചതായി സൂചനയുണ്ടായിരുന്നു.
അതിൽ ഒന്നാകാം ഇതെന്നാണ് കരുതുന്നത്. തിങ്കളാഴ്ച പ്ലാറ്റ്ഫോമിൽ കുറച്ച് നായ്ക്കൾ ഉണ്ടായിരുന്നു. ഇവയെ പിടിച്ചിട്ടില്ല. ഇവ വന്ധ്യംകരിച്ചവയാണെന്ന അടയാളം ഉള്ളതിനാലാണ് കൊണ്ടു പോകാഞ്ഞതെന്നാണ് പിടിത്തക്കാർ പറഞ്ഞത്. എന്നാൽ ഇവയ്ക്ക് പ്രതിരോധ കുത്തിവെപ്പ് നൽകണമെന്ന ആവശ്യം പ്രധാനമാണ്. ഇവയ്ക്ക് വാക്സിൻ നൽകുമെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതർ അറിയിച്ചിരുന്നു. ഇതിനായി റെയിൽവേ അധികൃതർ ഒരു കത്തയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. റെയിൽവേ അധികൃതർ അധികൃതരെ ബന്ധപ്പെട്ടെങ്കിലും കുത്തി വെപ്പിന് നായകളെ എത്തിക്കണമെന്നാണ് പറഞ്ഞതെന്ന് റെയിൽവേ പറയുന്നു.