ന്യൂഡൽഹി :- മയക്കുമരുന്ന് ഉപയോഗത്തെ സൗഹൃദത്തിന്റെ ഫാഷൻ പ്രദർശനമാ യി കാണരുതെന്ന് യുവാക്കളോട് സുപ്രീംകോടതി. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ അനുകരിക്കാൻ ശ്രമിക്കരുതെന്നും അതൊരു നല്ലകാര്യമല്ലെന്നും ജസ്റ്റിസ് ബി.വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് പറഞ്ഞു.
പാകിസ്താനിൽ നിന്ന് മയക്കുമരുന്നുകടത്തി വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്ത കേസിലെ പ്രതി അങ്കുഷ് വിപൻ കപൂറിന് ജാമ്യം നിഷേധിച്ച പഞ്ചാബ്, ഹരിയാണ ഹൈക്കോടതി വിധി ശരിവെച്ചാണ് സുപ്രീംകോടതിയുടെ പരാമർശമുണ്ടായത്.
രക്ഷിതാക്കൾ കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്നും സ്കൂളുകൾക്കും കോളജുകൾക്കുമെല്ലാം മയക്കുമരുന്നു വിരുദ്ധ ബോധവത്കരണത്തിൽ ഒരുപാട് ചെയ്യാനുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി. കുട്ടികളുമായി രക്ഷിതാക്കൾ സൗഹൃദ സംഭാഷണങ്ങൾ നടത്തുന്നത് അവർ പോകുന്ന ദിശ വിലയിരുത്താൻ സഹായിക്കും. ഇത് ഓരോ രക്ഷിതാവിന്റെയും കർത്തവ്യമായി കാണണമെന്നും കോടതി വ്യക്തമാക്കി.